ഫ്‌യോറെന്റിന താരം ഗെറ്റാനോ കാസ്ട്രോവില്ലിയുടെ ബോൺമൗത്തിലേക്കുള്ള കൂടുമാറ്റം പൂർത്തിയാവില്ല. കരാർ ഒപ്പിടുന്നതിന് മുന്നോടിയായി മെഡിക്കൽ പരിശോധനക്ക് എത്തിയ ശാരീരിക ക്ഷമതയിൽ താരം പരാജയപ്പെടുകയായിരുന്നു. മുൻപ് താരത്തിന്റെ മുട്ടിനേറ്റ പരിക്കാണ് വില്ലനായത് എന്നാണ് സൂചനകൾ. ഇതോടെ ബോൺമൗത്ത് ബാക്കി നടപടികൾ പൂർത്തിയാക്കാൻ സാധിക്കാതെ പിന്മാറുകയായിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് തരത്തിന് കാൽ മുട്ടിലെ ലിഗമെന്റിന് പരിക്കേൽക്കുന്നത്. തുടർന്ന് ശസ്‌ത്രക്രിയയും വിശ്രമവുമായി ദീർഘനാൾ പുറത്തിരുന്ന ശേഷം കളത്തിൽ തിരിച്ചെത്തി പതിനഞ്ചോളം മത്സരങ്ങൾ ഈ വർഷം ടീമിന്റെ ജേഴ്‌സി അണിഞ്ഞു. ദിവസങ്ങൾക്ക് മുൻപാണ് ഇറ്റാലിയൻ താരത്തിന് ബോൺമൗത്ത് രംഗത്ത് വരുന്നതും 12 മില്യൺ യൂറോയുടെ അടിസ്ഥാന ഓഫർ ഫ്‌യോറന്റിനക്ക് മുന്നിൽ വെക്കുന്നതും. എന്നാൽ ഒരു വർഷത്തിൽ അധികം കഴിഞ്ഞിട്ടും പരിക്കിന്റെ ആശങ്കകൾ താരത്തെ വിട്ടു പോയിട്ടില്ല എന്നു വേണം സംശയിക്കാൻ. താരം ഫ്‌യോറെന്റിനായിലേക്ക് മടങ്ങിയെത്തി തിങ്കളാഴ്ച മുതൽ പരിശീലനം പുനരാരംഭിക്കുമെന്ന് ഇറ്റാലിയൻ ക്ലബ്ബ് അറിയിച്ചു. താരം നേരത്തെ ഇറ്റലിയിലെ മെഡിക്കൽ ടെസ്റ്റുകൾ എല്ലാം പൂർത്തിയാക്കിയിട്ടുള്ളതായും ക്ലബ്ബ് സൂചിപ്പിച്ചു.