കാർഡിഫി സിറ്റിക്ക് പ്രീമിയർ ലീഗിൽ നിന്ന് മടങ്ങാം

നിർണ്ണായക മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് തോറ്റ് കാർഡിഫ് സിറ്റി പ്രീമിയർ ലീഗിൽ നിന്ന് പുറത്തായി. പ്രീമിയർ ലീഗിൽ നിലനിൽക്കാൻ ഇന്ന് ജയം അനിവാര്യമായിരുന്ന കാർഡിഫ് സിറ്റി സ്വന്തം ഗ്രൗണ്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനോട് തോൽക്കുകയായിരുന്നു. സീസണിൽ പലപ്പോഴും മികച്ച പ്രകടനം പുറത്തെടുത്തിട്ടും നിർഭാഗ്യം കൊണ്ട് മാത്രമാണ് കാർഡിഫ് പ്രീമിയർ ലീഗിൽ നിന്ന് മടങ്ങുന്നത്.

മത്സരത്തിന്റെ തുടക്കത്തിൽ സാഹയിലൂടെ ക്രിസ്റ്റൽ പാലസ് ആണ് ആദ്യം ഗോൾ നേടിയത്. എന്നാൽ കെല്ലിയുടെ സെൽഫ് ഗോളിൽ സമനില പിടിച്ച കാർഡിഫ് മത്സരത്തിൽ തിരിച്ചുവരുമെന്ന പ്രതീക്ഷ പുലർത്തിയെങ്കിലും അധികം താമസിയാതെ ബാറ്റ്ശുവായിയിലൂടെ വീണ്ടും ക്രിസ്റ്റൽ പാലസ് മത്സരത്തിൽ ലീഡ് നേടുകയായിരുന്നു. രണ്ടാം പകുതിയിൽ കാർഡിഫ് സിറ്റി ഉണർന്ന് കളിച്ചെങ്കിലും ടൗസൻഡിലൂടെ ക്രിസ്റ്റൽ പാലസ് തങ്ങളുടെ മൂന്നാമത്തെ ഗോളും നേടി മത്സരത്തിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

തുടർന്നും ക്രിസ്റ്റൽ പാലസ് ഗോൾ മുഖം കാർഡിഫ് നിരവധി തവണ ആക്രമിച്ചെങ്കിലും നിർഭാഗ്യം കൊണ്ട് മാത്രമാണ് അവർക്ക് ഗോൾ നേടനാവാതെ പോയത്. അവസാന മിനിറ്റുകളിൽ കാർഡിഫിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിക്കുകയും ചെയ്തു. തുടർന്ന് ഇഞ്ചുറി ടൈമിൽ റീഡിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും പ്രീമിയർ ലീഗിൽ നിൽക്കാൻ അത് മതിയായിരുന്നില്ല.