എവർട്ടണ് ഈ ക്രിസ്മസ് കാലം സന്തോഷമാണോ സങ്കടമാണോ എന്ന് പറയാൻ കഴിയില്ല. കാരണം രണ്ട് ദിവസം മുന്നെ ടോട്ടൻഹാമിനോട് സ്വന്തം ഗ്രൗണ്ടിൽ അവരേറ്റത് അത്ര വലിയ തോൽവി ആയിരുന്നു. ആറു ഗോളുകളാണ് അന്ന് വാങ്ങിയത്. സ്വന്തം കാണികൾക്ക് മുന്നിൽ തലതാഴ്ത്തി കളം വിടേണ്ടി വന്നു മാർകോ സിൽവക്കും കളിക്കാർക്കും. എന്നാൽ ഇന്ന് അതിനൊക്കെ നേരെ വിപരീതം.
ബേൺലിയെ എവേ മത്സരത്തിൽ ആണ് ഇന്ന് എവർട്ടൺ നേരിട്ടത്. അടിച്ചത് അഞ്ചു ഗോളുകൾ. ടോട്ടൻഹാമിനോട് ഏറ്റ പരാജയത്തിൽ നിന്ന് വലിയൊരു ആശ്വാസം. 5-1ന്റെ വലിയ ജയം. സ്വന്തം നാട്ടിലേക്ക് തലയുഴർത്തി മാർകോ സിൽവക്കും താരങ്ങൾക്കും പോകാം.
മുൻ ബാഴ്സലോണ താരം ഡിഗ്നെയുടെ ഇരട്ട ഗോളുകൾ ആണ് എവർട്ടൺ ജയം എളുപ്പമാക്കിയത്. ബാഴ്സലോണയുടെ തന്നെ താരമായ യെറി മിനയും ഇന്ന് എവർട്ടണായി ഗോൾ നേടി. ഐസ്‌ലാന്റ് താരം സിഗ്ഗുർഡ്സൺ ബ്രസീലിയൻ താരം റിച്ചാർലിസൺ എന്നിവരാണ് മറ്റു സ്കോറേഴ്സ്. ഗിബ്സണാണ് ബേർൺലിയുടെ ആശ്വാസ ഗോൾ നേടിയത്.
എവർട്ടൺ ഇപ്പോൾ 27 പോയന്റുമായി ലീഗിൽ എട്ടാം സ്ഥാനത്താണ്. ബേർൺലി റിലഗേഷൻ ഭീഷണി നേരിട്ട് 18ആം സ്ഥാനത്തും.