അടിയ്ക്ക് തിരിച്ചടിയായി പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്കയുടെയും പാതി സംഘം പവലിയനില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സെഞ്ചൂറിയണിലെ ബോക്സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യ ദിവസം വീണത് 15 വിക്കറ്റുകള്‍. 181 റണ്‍സിനു പാക്കിസ്ഥാനെ പുറത്താക്കിയ ശേഷം ദക്ഷിണാഫ്രിക്ക 127/5 എന്ന നിലയിലാണ്. 54 റണ്‍സ് കൂടി നേടിയാല്‍ മാത്രമേ പാക്കിസ്ഥാന്റെ സ്കോറിനൊപ്പം എത്തുവാന്‍ ടീമിനു സാധിക്കുകയുള്ളു. ഡുവാനെ ഒളിവിയര്‍ ആറ് വിക്കറ്റ് നേടി പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞപ്പോള്‍ പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് ആതിഥേയരെ പ്രതിരോധത്തിലാക്കുകയായിരുന്നു.

ഡുവാനെയ്ക്ക് പുറമേ കാഗിസോ റബാ‍ഡ 3 വിക്കറ്റും ഡെയില്‍ സ്റ്റെയിന്‍ ഒരു വിക്കറ്റും നേടി. 71 റണ്‍സ് നേടിയ ബാബര്‍ അസവും 36 റണ്‍സ് നേടിയ അസ്ഹര്‍ അലിയ്ക്കും ഒപ്പം ഹസന്‍ അലി പുറത്താകാതെ 21 റണ്‍സ് നേടിയാണ് പാക്കിസ്ഥാന്‍ സ്കോര്‍ 181 റണ്‍സിലേക്ക് എത്തിച്ചത്. 111/8 എന്ന നിലയില്‍ നിന്ന് ബാബര്‍ അസവും ഹസന്‍ അലിയും ചേര്‍ന്നാണ് പാക്കിസ്ഥാനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്.

ബൗളര്‍മാര്‍ ഒരുക്കി നല്‍കിയ അവസരം നഷ്ടപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്കയും മത്സരം തുടങ്ങിയത്. ഡീന്‍ എല്‍ഗാര്‍(22), ത്യൂണിസ് ഡി ബ്രൂയിന്‍(29) എന്നിവര്‍ തുടക്കം ലഭിച്ച ശേഷം ക്രീസില്‍ നിലയുറപ്പിക്കുവാനാകാതെ മടങ്ങുകയായിരുന്നു. ടെംബ ബാവുമ(38*) ഡെയില്‍ സ്റ്റെയിന്‍(13*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

43/4 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ നൂറ് കടക്കുവാന്‍ സഹായിച്ചത് അഞ്ചാം വിക്കറ്റില്‍ ഡി ബ്രൂയിനും ടെംബ ബാവുമയും ചേര്‍ന്ന് നേടിയ 69 റണ്‍സാണ്. പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് അമീറും ഷഹീന്‍ അഫ്രീദിയും രണ്ട് വീതം വിക്കറ്റ് നേടി.