പത്തുപേരുമായി കളിച്ച ബേർൺലിയെ തോൽപ്പിക്കാൻ ആകാതെ ചെൽസി. ഇന്ന് സ്റ്റാംഫോ ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ 2-2 എന്ന സമനില ആണ് ചെൽസി വഴങ്ങിയത്. പോചറ്റിനോയുടെ മേലുള്ള സമ്മർദ്ദം ഉയരാൻ ഈ ഫലം കാരണമാകും.
ഇന്ന് നാ രീതിയിൽ കളി ആരംഭിച്ച ചെൽസി 20ആം മിനുട്ടിൽ ഡിസസിയിലൂടെ ഗോൾ നേടിയതായിരുന്നു. പക്ഷെ ആ ഗോൾ നിഷേധിക്കപ്പെട്ടു. 40ആം മിനുട്ടിലാണ് ബേർൺലിയുടെ അസിഗ്നോൻ ചുവപ്പ് വാങ്ങി പുറത്ത് പോകുന്നത്. പിന്നാലെ കോച്ച് കൊമ്പനിയും ചുവപ്പ് വാങ്ങി. ഇതിനു ശേഷം പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് പാൽമർ ചെൽസിയെ മുന്നിൽ എത്തിച്ചു.
ആദ്യ പകുതി കഴിഞ്ഞ് പത്തു പേരുമായി ബേർൺലി പൊരുതി. 47ആം മിനുട്ടിൽ ജോഷ് കുളനിലൂടെ അവർ സമനില കണ്ടെത്തി. 78ആം മിനുട്ടിൽ പാൽമറിന്റെ മറ്റൊരു ഗോൾ ചെൽസി വീണ്ടും മുന്നിലെത്തിച്ചു. ഒരിക്കൽ കൂടെ ബേർൺലിയുടെ പോരാട്ടവീര്യം അവരുടെ രക്ഷയ്ക്ക് എത്തി. 81ആം മിനുട്ടിലെ ഓഷെയുടെ ഗോൾ അവർക്ക് അർഹിച്ച സമനില നൽകി. സ്കോർ 2-2.
ഈ സമനിലയോടെ ചെൽസി 40 പോയിന്റുമായി 11ആം സ്ഥാനത്ത് നിൽക്കുകയാണ്. ബേർൺലി 18 പോയിന്റുമായി 19ആമതും നിൽക്കുന്നു.