വിജയകരമായ സീസണിന് ശേഷം പ്രമുഖ താരമായ ബ്രൂണോ ഗ്വിമറസിന് ന്യൂകാസിലിൽ പുതിയ ദീർഘകാല കരാർ ഒരുങ്ങുന്നു. 2022ന്റെ തുടക്കത്തിൽ നാല് വർഷത്തെ കരാറിൽ ടീമിലേക്കെത്തിയ ബ്രസീലിയൻ താരത്തെ വരും സീസണുകളിലും ടീമിൽ തന്നെ നിലനിർത്താനാണ് മാനേജ്‌മെന്റ് തീരുമാനം. താരവും ടീമും തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു.
ലിവർപൂൾ, ബാഴ്‌സലോണ ടീമുകളുമായി ചേർന്ന് ബ്രൂണോയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ പടർന്നതിന് പിറകെയാണ് താരത്തിന്റെ ന്യൂകാസിലിലെ പുതിയ കരാർ വാർത്തകൾ പുറത്തു വരുന്നത്. നേരത്തെ ബ്രസീലിയൻ മാധ്യമങ്ങൾ ആണ് ഇരു ടീമുകൾക്കും ബ്രൂണോയിൽ കണ്ണുള്ളതായി വാർത്ത പുറത്തു വിട്ടത്. ലിവർപൂൾ ന്യൂകാസിലിനെ സമീപിച്ചതായിട്ടായിരുന്നു വാർത്ത. ഏതായാലും പ്രീമിയർ ലീഗിൽ മികച്ച പ്രകടനവും ചാമ്പ്യൻസ് ലീഗ് യോഗ്യതയും നേടിയ ന്യൂകാസിൽ, സീസണിൽ തങ്ങളുടെ മികച്ച താരങ്ങളിൽ ഒരാളായ ബ്രൂണോയെ കൈവിടില്ലെന്ന് ഉറപ്പാണ്. ലിയോണിൽ നിന്നും നാൽപത് മില്യൺ യൂറോയോളം മുടക്കിയാണ് ഇരുപത്തിയഞ്ചുകാരനെ ന്യൂകാസിൽ ടീമിലേക്ക് എത്തിച്ചത്.