ഗോൾ പോസ്റ്റ് ഇല്ലാത്ത ഒരു ഫുട്ബോൾ മത്സരം നടക്കുകയെങ്കിൽ വിജയി ബ്രൈറ്റൺ തന്നെയായിരിക്കും എന്നത് വീണ്ടും തെളിയിച്ച് ഗ്രഹാം പോട്ടറിന്റെ ബ്രൈറ്റൺ. ഇന്നലെ സ്വന്തം ഗ്രൗണ്ടിൽ ചെൽസിക്കെതിരെയാ പ്രീമിയർ ലീഗ് മത്സരത്തിലും അത് തന്നെയാണ് കണ്ടത്. എന്നിരുന്നാലും ശക്തരായ ചെൽസിയെ സമനിലയിൽ കുരുക്കാൻ ഗ്രഹാം പോട്ടറിനും സംഘത്തിനുമായി. ഇന്ത്യൻ സമയം പുലർച്ചെ 1.30നു നടന്ന മത്സരത്തിൽ രണ്ടു ടീമുകളും ഓരോ ഗോൾ വീതം നേടി സാമ്‌നയിൽയിൽ പിരിയുകയായിരുന്നു. നീൽ മൗപേയും ട്രോസാർഡും ഇല്ലാതെ പകരം ഡാനി വെൽബെക്കും സ്റ്റീവൻ അൾസറ്റെയും ഉൾപ്പെടുത്തിയാണ് ഗ്രഹാം പോട്ടർ ടീം ഇറക്കിയത്.
ശക്തരായ ചെൽസിക്കെതിരെ വ്യക്തമായ മേധാവിത്തതോടെയാണ് ബ്രൈറ്റൺ മത്സരം തുടങ്ങിയത്. ആദ്യ നിമിഷം മുതൽ ഗോൾ ചാൻസുകൾ ക്രിയേറ്റ് ചെയ്തു കളിച്ച ബ്രൈറ്റൺ പക്ഷെ ഗോൾ അടിക്കാനാവാതെ കുഴങ്ങി. മത്സരത്തിന്റെ ഗതിക്ക് വിപരീതമായി ബ്രൈറ്റൺ ഗോൾ കീപ്പർ സാഞ്ചസ് വരുത്തിയ ഒരു പിഴവിൽ നിന്നും ഹകീം സീയെച് ഗോൾ നേടി 27ആം മിനിറ്റിൽ ചെൽസിയെ മുന്നിൽ എത്തിച്ചു. കാന്റെയുമായി വൺ റ്റു പാസ് കളിച്ച സീയെച് പോസ്റ്റിലേക്ക് ഷോട്ട് എടുത്തതും ഗോൾ കീപ്പറുടെ പിഴവിൽ പന്ത് ഗോളിലേക്ക് കയറി. ആദ്യ പകുതിയിൽ ചെൽസി മുന്നിൽ.
രണ്ടാം പകുതിയിൽ സമനില ഗോളിനായി പൊരുതിയ ബ്രൈറ്റൺ അറുപതാം മിനിറ്റിൽ തിരിച്ചടിച്ചു. മാക് അലിസ്റ്റർ എടുത്ത ഒരു മികച്ച കോർണറിൽ, ഒരു ഫ്രീ ഹെഡർ ആദം വെബ്സ്റ്ററിന്റെ വക. ഗോൾ. സ്‌കോർ 1-1. തുടർന്ന് സമനില പൂട്ട് പൊട്ടിക്കാൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും ഫലം കാണാനായില്ല.
സ്റ്റാംഫോഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിലും ബ്രൈറ്റൺ ചെൽസിയെ സമനിയിൽ തളച്ചിരുന്നു. നിലവിൽ 21 മത്സരങ്ങളിൽ നിന്നും 29 പോയിന്റോടെ ബ്രൈറ്റൺ ലീഗ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. അതെ സമയം 23 മത്സരങ്ങളിൽ നിന്നും 44 പോയിന്റോടെ ചെൽസി മൂന്നാം സ്ഥാനത്ത് തുടരുകയാണ്.