ഗോൾ കണ്ടെത്താനാവാതെ ചെൽസി; ബ്രെന്റ്ഫോർഡിനെതിരെ തോൽവി

Nihal Basheer

20231028 190702
Download the Fanport app now!
Appstore Badge
Google Play Badge 1

ലഭിച്ച അവസരങ്ങൾ മുതലെടുക്കുന്നത്തിൽ അമ്പേ പരാജയപ്പെട്ട ചെൽസിക്ക് പ്രീമിയർ ലീഗിൽ മറ്റോരു തോൽവി. പ്രീമിയർ ലീഗിൽ ഇന്ന് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ബ്രെന്റ്ഫോർഡിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പോച്ചറ്റിനോയും സംഘവും അടിയറവ് പറഞ്ഞത്. പിന്നൊക്ക്, എംബ്വെമോ എന്നിവർ ഗോൾ കണ്ടെത്തി. ഇതോടെ 11 മത്സരങ്ങളിൽ നിന്നും 12 പോയിന്റുമായി 11ആം സ്ഥാനത്താണ് ചെൽസി. ബ്രെന്റ്ഫോർഡ് പത്താം സ്ഥാനത്തേക്ക് കയറി.
20231028 190700
ആദ്യ പകുതിയിൽ അവസരങ്ങൾ മുതലെടുക്കാൻ സാധിക്കാതെ ഇരുന്നത് ചെൽസിക്ക് ലീഡ് എടുക്കുന്നതിന് തടസമായി. കൗണ്ടർ നീക്കത്തിൽ പാമറുടെ പാസ് ബോസ്‌കിനുള്ളിൽ സ്റ്റെർലിങ്ങിന് നിയന്ത്രിക്കാൻ സാധിക്കാതെ പോയപ്പോൾ മഡ്വെക്കെയുടെ മികച്ചൊരു ഷോട്ട് പോസിറ്റിലിടിച്ചു മടങ്ങി. പാമർ തന്നെ ഒരുക്കിയ മറ്റൊരു അവസരത്തിൽ ത്രൂ ബോൾ പിടിച്ചെടുത്തു കുക്കുറെയ്യ പോസിറ്റിന് തൊട്ടു മുൻപിൽ നിന്നും തൊടുത്ത ഷോട്ട് പക്ഷെ കീപ്പർക്ക് നേരെ ആയിരുന്നു. ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരമായിരുന്നു ഇത്. പിറകെ സ്റ്റർലിങ്ങിന്റെ ഷോട്ടും പോസിറ്റിൽ നിന്നും അകന്ന് പോയി. ബ്രെന്റ്ഫോർഡ് താരം റോർസ്ലെവ് സ്റ്റർലിങ്ങിനെ ഫൗൾ ചെയ്തതിന് ചെൽസി താരങ്ങൾ പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. പല കൗണ്ടർ അറ്റാക്ക് നീക്കങ്ങളും ബ്രെന്റ്ഫോർഡും നടത്തി എങ്കിലും ഒന്നും അപകടം സൃഷ്ടിക്കാതെ കടന്ന് പോയി.

രണ്ടാം പകുതിയിൽ ബ്രെന്റ്ഫോർഡ് കൂടുതൽ മികച്ച നീക്കങ്ങൾ നടത്തി. ബോക്സിനുള്ളിൽ നിന്നും യാനെൽറ്റിന് ലഭിച്ച സുവർണാവസരം പക്ഷെ സാഞ്ചസ് കൃത്യമായി തടുത്തത് ചെൽസിക്ക് ആശ്വാസമായി. എന്നാൽ 58ആം മിനിറ്റിൽ ബ്രെന്റ്ഫോർഡ് തന്നെ മത്സരത്തിൽ ലീഡ് എടുത്തു. എംബ്വെമോയുടെ ക്രോസിലേക്ക് ഉയർന്ന് ചാടി പിന്നോക്ക് തൊടുത്ത ഷോട്ട് വലയിലേക്ക് കയറുമ്പോൾ ചെൽസി പ്രതിരോധത്തിന് നോക്കി നിൽക്കാനെ സാധിച്ചുള്ളൂ. പിന്നീടും പന്തിലുള്ള ആധിപത്യം ചെൽസിക്ക് തന്നെ ആയിരുന്നെങ്കിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ആദ്യ പകുതിയിൽ നിന്നും അവർ പിറകോട്ടു പോയി. റീസ് ജെയിംസ് നൽകിയ മികച്ചൊരു ക്രോസിലേക്ക് ചെൽസി താരങ്ങൾക്ക് എത്താൻ സാധിച്ചില്ല. മത്സരം മുഴുവൻ സമയത്തിലേക്ക് കടക്കുമ്പോൾ ലഭിച്ച അവസരങ്ങൾ ബ്രെന്റ്ഫോർഡിനും ലക്ഷ്യത്തിൽ എതിക്കാനായില്ല. ആദ്യ ഷോട്ട് സാഞ്ചസ് തടുത്തപ്പോൾ റീബൗണ്ടിൽ എംബ്വെമോയുടെ ശ്രമം സൈഡ് നെറ്റിൽ അവസാനിച്ചു. അവസാന മിനിറ്റിൽ ബ്രെന്റ്ഫോർഡ് ലീഡ് ഇരട്ടിയാക്കി. ചെൽസിക്ക് ലഭിച്ച കോർണറിന് കീപ്പറും എതിർ ബോക്സിലേക്ക് എത്തിയപ്പോൾ കൗണ്ടർ നീക്കം മുതലെടുത്താണ് സന്ദർശകർ ഗോൾ കണ്ടെത്തിയത്. എംബ്വെമോ ആണ് ഗോൾ നേടിയത്. ഇതോടെ മത്സരം ബ്രെന്റ്ഫോർഡ് സ്വന്തമാക്കി.