ഇംഗ്ലീഷ് പ്രീമിയർ ലീഗ് ത്രില്ലർ പോരാട്ടത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ അവിശ്വസനീയ തിരിച്ചു വരവ് നടത്തി തോൽപ്പിച്ചു എ.എഫ്.സി ബോർൺമൗത്. പരിശീലകൻ സ്‌കോട്ട് പാർക്കർ പുറത്താക്കപ്പെട്ട ശേഷം രണ്ടാം മത്സരത്തിന് ഇറങ്ങിയ ബോർൺമൗത് ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിറകിൽ പോയി. 33 മത്തെ മിനിറ്റിൽ മോർഗൻ ഗിബ്സൻ വൈറ്റിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ കൗയാറ്റെ ഫോറസ്റ്റിനെ മത്സരത്തിൽ മുന്നിലെത്തിച്ചു.
ആദ്യ പകുതിക്ക് തൊട്ടു മുമ്പ് കെല്ലിയുടെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ബ്രണ്ണൻ ജോൺസൻ ഫോറസ്റ്റിന് രണ്ടാം ഗോളും സമ്മാനിച്ചു. സ്വന്തം കാണികൾക്ക് മുന്നിൽ ജയം പ്രതീക്ഷിച്ചു ഇറങ്ങിയ ഫോറസ്റ്റിനെ രണ്ടാം പകുതിയിൽ ബോർൺമൗത് ഞെട്ടിച്ചു. രണ്ടാം പകുതി തുടങ്ങി ഉടൻ തന്നെ 30 വാര അകലെ നിന്നു ബുള്ളറ്റ് ഷോട്ടിലൂടെ ഫിലിപ്പ് ബില്ലിംഗ് ഒരു ഗോൾ മടക്കി. ലൂയിസ് കുക്കിന്റെ പാസിൽ നിന്നായിരുന്നു ബില്ലിംഗ് ഗോൾ നേടിയത്.
12 മിനിറ്റിനകം ബോർൺമൗത് മത്സരത്തിൽ ഒപ്പമെത്തി. ലോയിഡ് കെല്ലിയുടെ പാസിൽ നിന്നു ഡൊമനിക് സൊളാങ്കെ ഒരു ഉഗ്രൻ ബൈസൈക്കിൾ കിക്കിലൂടെ ടീമിന് സമനില നൽകി. ബോർൺമൗതിനു ആയി താരത്തിന്റെ 50 ഗോൾ ആയിരുന്നു ഇത്. 87 മത്തെ മിനിറ്റിൽ ഇറങ്ങി രണ്ടു മിനിറ്റിനുള്ളിൽ സൊളാങ്കെയുടെ പാസിൽ നിന്നു തന്റെ ആദ്യ ടച്ച് തന്നെ ഗോൾ ആക്കി മാറ്റിയ ജെയ്ഡൺ ആന്റണി ബോർൺമൗതിനു സ്വപ്ന ജയം സമ്മാനിക്കുക ആയിരുന്നു. ഫോറസ്റ്റ് പ്രതിരോധ താരം മകെന്നയുടെ പിഴവ് ആണ് ഗോളിൽ കലാശിച്ചത്. ലീഗിൽ നിലവിൽ ഫോറസ്റ്റ് 19 മതു നിൽക്കുമ്പോൾ ബോർൺമൗത് പതിമൂന്നാം സ്ഥാനത്തേക്ക് കയറി.