ടോണിയാണ് താരം! ഇവാൻ ടോണിയുടെ ഹാട്രിക് മികവിൽ 7 ഗോൾ ത്രില്ലറിൽ ലീഡ്സിനെ തകർത്തു ബ്രന്റ്ഫോർഡ്

Wasim Akram

Screenshot 20220904 033509 01

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡിനെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്തു ബ്രന്റ്ഫോർഡ്. ആവേശകരമായ മത്സരത്തിൽ ഹാട്രിക് നേടിയ മുന്നേറ്റ നിര താരം ഇവാൻ ടോണിയാണ് ബ്രന്റ്ഫോർഡിനു വലിയ ജയം സമ്മാനിച്ചത്. ജയമില്ലാത്ത മൂന്നു മത്സരങ്ങൾക്ക് ശേഷമാണ് ബ്രന്റ്ഫോർഡ് ഒരു മത്സരം ജയിക്കുന്നത്. 2022 ൽ ലീഗിൽ ടോണി നേടുന്ന രണ്ടാമത്തെ ഹാട്രിക് ആയിരുന്നു ഇത്. പന്ത് കൈവശം വക്കുന്നതിൽ ലീഡ്സ് ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ കൂടുതൽ അവസരങ്ങൾ തുറന്നത് ബ്രന്റ്ഫോർഡ് തന്നെയായിരുന്നു.

ടോണിയെ ലൂയിസ് സിനിസ്റ്റെറ വീഴ്ത്തിയതിനു നാലു മിനിറ്റ് വാർ പരിശോധനക്ക് ശേഷം റഫറി പെനാൽട്ടി അനുവദിച്ചു. തുടർന്ന് മുപ്പതാം മിനിറ്റിൽ പെനാൽട്ടി ലക്ഷ്യം കണ്ടു ടോണി തന്റെ ആദ്യ ഗോൾ നേടി. 43 മത്തെ മിനിറ്റിൽ അതുഗ്രൻ ഫ്രീകിക്കിലൂടെ ഗോൾ കണ്ടത്തിയ ടോണി ടീമിന് രണ്ടാം ഗോൾ സമ്മാനിച്ചു. ലീഡ്സ് ഗോൾ കീപ്പർക്ക് ഒരവസരവും ഈ ഫ്രീകിക്ക് നൽകിയില്ല. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ഒരു ഗോൾ മടക്കിയ ലൂയിസ് സിനിസ്റ്റെറ ലീഡ്സിന് പ്രതീക്ഷ നൽകി. രണ്ടാം പകുതിയിൽ 58 മത്തെ മിനിറ്റിൽ ടോണി തന്റെ ഹാട്രിക് പൂർത്തിയാക്കി.

ഇവാൻ ടോണി

ബോക്സിന് പുറത്ത് നിന്ന് ലീഡ്സ് ഗോൾ കീപ്പർ സ്ഥാനം മാറി നിൽക്കുന്നത് മനസ്സിലാക്കിയ ടോണി ഉഗ്രൻ ചിപ്പിലൂടെ പന്ത് വലയിൽ എത്തിച്ചു. 79 മത്തെ മിനിറ്റിൽ ലൂക് അയിലിങിന്റെ പാസിൽ നിന്നു ഗോൾ നേടിയ മാർക് റോക ലീഡ്സിന് വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ തൊട്ടടുത്ത നിമിഷം ബ്രന്റ്ഫോർഡിനു നാലാം ഗോൾ സമ്മാനിച്ച ബ്രയാൻ എംബുമോ ആ പ്രതീക്ഷ തല്ലി കെടുത്തി. ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ ലോറന്റെയുടെ പിഴവ് മുതലെടുത്ത് ലക്ഷ്യം കണ്ട വിസ ബ്രന്റ്ഫോർഡിന്റെ വലിയ ജയം പൂർത്തിയാക്കുക ആയിരുന്നു. ജയത്തോടെ ബ്രന്റ്ഫോർഡ് ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം ഒമ്പതാം സ്ഥാനത്ത് ആണ് ലീഡ്സ് യുണൈറ്റഡ്.