പ്രീമിയർ ലീഗിലെ ടോപ്പ് 4 ആർക്കും വേണ്ടാത്ത അവസ്ഥയിൽ തന്നെ തുടരുകയാണ്. പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട ടോട്ടൻഹാമിന് ഇനി ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കണമെങ്കിൽ അവസാന മത്സരം വരെ കാത്തി നിൽക്കേണ്ടി വരും. ഇന്ന് നടന്ന മത്സരത്തിൽ ബോർണ്മതാണ് സ്പർസിനെ പരാജയപ്പെടുത്തിയത്.
മികച്ച രീതിയിൽ കളിച്ച സ്പർസിന് വിനയയായത് രണ്ട് ചുവപ്പു കാർഡുകളാണ്. ആദ്യം സൂപ്പർ താരം സോണും പിന്നെ രണ്ടാം പകുതിയിൽ ഫോയ്തും ആണ് ചുവപ്പ് കാർഡ് വാങ്ങി പുറത്തു പോയത്. സ്പർസ് രണ്ടാം പകുതി മുഴുവൻ ഒമ്പതു പേരുമായായിരുന്നു കളിച്ചത്. എന്നിട്ടും കളിയുടെ അവസാന നിമിഷം ആകേണ്ടി വന്നു ബോർണ്മതിന് വിജയ ഗോൾ നേടാൻ. നേതൻ ഏകെ ആണ് 90ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ വിജയ ഗോൾ നേടിയത്.
ടോട്ടൻഹാമിന്റെ തുടർച്ചയായ ആറാം എവേ പരാജയമാണിത്. 37 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 70 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ടോട്ടൻഹാം നിൽക്കുന്നത്. 68 പോയന്റുമായി ചെൽസിയും 66 പോയന്റുമായി ആഴ്സണലും ടോട്ടൻഹാമിന്റെ പിറകിലുണ്ട്. അവസാന മത്സരത്തിൽ എവർട്ടണെ ആണ് സ്പർസ് നേരിടേണ്ടത്.