രാജസ്ഥാനെ കെട്ടുകെട്ടിച്ച് ഡല്‍ഹി രണ്ടാം സ്ഥാനത്തേക്ക്, പക്വതയാര്‍ന്ന ഇന്നിംഗ്സുമായി ഋഷഭ് പന്ത്

മികച്ച തുടക്കത്തിനു ശേഷം ഇഷ് സോധിയ്ക്ക് വിക്കറ്റ് നല്‍കി ശിഖര്‍ ധവാനും പൃഥ്വി ഷായും മടങ്ങിയെങ്കിലും ഋഷഭ് പന്ത് തന്റെ സ്വാഭാവിക ശൈലി മാറ്റി വെച്ച് ഡല്‍ഹിയിലെ പ്രയാസകരമായ വിക്കറ്റില്‍ ടീമിനു വേണ്ടി നങ്കൂരമിട്ടപ്പോള്‍ 5 വിക്കറ്റ് വിജയം നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. 38 പന്തില്‍ നിന്ന് പന്ത് നേടിയ 53 റണ്‍സിന്റെ ബലത്തില്‍ 16.1 ഓവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 5 വിക്കറ്റ് ജയം ഉറപ്പാക്കുകയായിരുന്നു. 10 ഓവറില്‍ ലക്ഷ്യം മറികടന്നിരുന്നുവെങ്കില്‍ ടീമിനു പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താമായിരുന്നുവെങ്കിലും തുടക്കത്തില്‍ നഷ്ടമായ വിക്കറ്റുകള്‍ ഡല്‍ഹിയുടെ വേഗത കുറയ്ക്കുകയായിരുന്നു.

28/2 എന്ന നിലയിലേക്ക് വീണ് ഡല്‍ഹിയ്ക്ക് ശിഖര്‍ ധവാനെയും(16) പൃഥ്വി ഷായെയും(8) അടുത്തടുത്ത പന്തുകളില്‍ നഷ്ടമാവുകയായിരുന്നു. പിന്നീട് ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരുടെ കൂട്ട് പിടിച്ച് പന്ത് 33 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയെങ്കിലും ശ്രേയസ്സ് അയ്യരെ(15) ശ്രേയസ്സ് ഗോപാല്‍ പുറത്താക്കുകയായിരുന്നു. പിന്നീട് കോളിന്‍ ഇന്‍ഗ്രാമുമായി ചേര്‍ന്ന് പന്ത് 22 റണ്‍സ് കൂടി നേടിയെങ്കിലും ഇഷ് സോധി ബൗളിംഗിലേക്ക് തിരികെ എത്തി ഇന്‍ഗ്രാമിനെ മടക്കിയയ്ച്ചു. 23 പന്തുകള്‍ നേരിട്ട ഇന്‍ഗ്രാം 12 റണ്‍സ് മാത്രമാണ് നേടിയത്.

11 റണ്‍സ് നേടിയ ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡിനെ പിന്നീട് ഡല്‍ഹിയ്ക്ക് നഷ്ടമായെങ്കിലും ഋഷഭ് പന്ത് മത്സരം ഡല്‍ഹിയ്ക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു. വരുണ്‍ ആരോണ്‍, ശ്രേയസ്സ് ഗോപാല്‍, ഇഷ് സോധി എന്നിവരുടെ ഓവറുകളില്‍ നിര്‍ണ്ണായക സിക്സുകള്‍ നേടിയാണ് 16.1 ഓവറില്‍ ടീമിനെ 5 വിക്കറ്റ് വിജയത്തിലേക്ക് പന്ത് എത്തിച്ചത്.

ഇഷ് സോധിയ്ക്ക് മൂന്നും ശ്രേയസ്സ് ഗോപാലിനു 2 വിക്കറ്റും രാജസ്ഥാന് വേണ്ടി നേടാനായി.