മുൻ അത്ലറ്റികോ മാഡ്രിഡ് സ്പോർട്ടിങ് ഡയറക്ടർ ആന്ദ്രയ ബെർറ്റ ആഴ്‌സണൽ സ്പോർട്ടിങ് ഡയറക്ടർ ആവും. 53 കാരനായ ഇറ്റാലിയൻ അടുത്ത ആഴ്ച ആഴ്‌സണലിൽ ഔദ്യോഗിക കരാർ ഒപ്പ് വെക്കും എന്നാണ് റിപ്പോർട്ട്. 2012 ൽ അത്ലറ്റികോ മാഡ്രിഡ് ടെക്നിക്കൽ ഡയറക്ടർ ആയി ക്ലബ്ബിൽ എത്തിയ ബെർറ്റ 2017 ൽ സ്പോർട്ടിങ് മാനേജർ ആയി. ഈ 12 വർഷം രണ്ടാം ഡിവിഷൻ ക്ലബ് ആയ അത്ലറ്റികോയെ അവിസ്മരണീയ നേട്ടങ്ങളിലേക്ക് ആണ് ബെർറ്റയും സിമിയോണിയും ഉയർത്തിയത്. ചില തീരുമാനങ്ങൾ പിഴച്ചു എങ്കിലും മികച്ച താരങ്ങളെ വൻ തുക കൊടുത്തും ചിലപ്പോൾ ചെറിയ തുകക്കും ടീമിൽ എത്തിച്ച ബെർറ്റ സിമിയോണിക്ക് ചരിത്രം എഴുതാൻ വഴി കാണിച്ചു.
2 തവണ ലാ ലീഗ ജേതാക്കൾ ആയ അത്ലറ്റികോ ഈ കാലയളവിൽ 2 തവണ ചാമ്പ്യൻസ് ലീഗ് ഫൈനലും കളിച്ചു. സാമ്പത്തികമായി വളരെ മുമ്പിലുള്ള റയൽ മാഡ്രിഡ്,ബാഴ്‌സലോണ എന്നിവർക്ക് ഒപ്പം അത്ലറ്റികോയെ പിടിച്ചു നിൽക്കാൻ പ്രാപ്തനാക്കിയത് ബെർറ്റ ആയിരുന്നു. തന്റെ അഭിപ്രായം ആർക്ക് വേണ്ടിയും മാറ്റില്ല എന്ന ശീലമുള്ള ബെർറ്റ ലോകത്തിലെ ഏറ്റവും മികച്ച സ്പോർട്ടിങ് ഡയറക്ടർമാരിൽ ഒരാൾ ആയാണ് അറിയപ്പെടുന്നത്. നിരവധി ക്ലബുകൾ അദ്ദേഹത്തിന് ആയി രംഗത്ത് വന്നെങ്കിലും ബെർറ്റ ആഴ്‌സണൽ തിരഞ്ഞെടുക്കുക ആയിരുന്നു. നേരത്തെ സ്ഥാനം ഒഴിഞ്ഞ എഡുവിനു പകരക്കാരനായി ആണ് ബെർറ്റ ആഴ്‌സണലിൽ എത്തുന്നത്. നിലവിൽ ക്ലബിന്റെ ട്രാൻസ്ഫർ നീക്കങ്ങളിൽ ആർട്ടെറ്റക്ക് ഒപ്പം വലിയ പങ്ക് ആവും ബെർറ്റ വഹിക്കുക. മുന്നേറ്റത്തിൽ അടക്കം വലിയ താരങ്ങളെ ലക്ഷ്യം ഇടുന്ന ആഴ്‌സണലിന് ബെർറ്റയുടെ കഴിവുകൾ സഹായകമാവും എന്നുറപ്പാണ്. പുരുഷ ടീമിന് പുറമെ വനിത, അക്കാദമി ടീമുകളുടെയും മികവ് കൂട്ടാൻ ബെർറ്റയുടെ വരവ് സഹായകമാവും.