ചെൽസി വിട്ട് റോസ് ബാർക്ലി ആസ്റ്റൺ വില്ലയിൽ

ചെൽസി മിഡ്‌ഫീൽഡർ റോസ് ബാർക്ലി ആസ്റ്റൺ വില്ലയിൽ. 2020/21 സീസണിൽ ലോൺ അടിസ്ഥാനത്തിലാണ് മുൻ എവർട്ടൺ താരം ആസ്റ്റൺ വില്ലയിൽ എത്തുന്നത്. ചെൽസി ഈ സീസൺ പുതിയ താരങ്ങളെ സ്വന്തമാക്കിയതോടെ താരത്തിന് ടീമിൽ അവസരങ്ങൾ കുറഞ്ഞിരുന്നു. തുടർന്നാണ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ലയിലേക്ക് ബാർക്ലി ലോണിൽ പോയത്.

ഈ സീസണിൽ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ ബാർക്ലി തുടർന്ന് രണ്ട് മത്സരങ്ങളിലും പകരക്കാരുടെ ബെഞ്ചിൽ നിന്നാണ് മത്സരം തുടങ്ങിയത്. നേരത്തെ മറ്റൊരു ചെൽസി താരമായ റൂബൻ ലോഫ്റ്റസ് ചീകിനെ ആസ്റ്റൺ വില്ല സ്വന്തമാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

2018 ജനുവരിയിലാണ് എവർട്ടണിൽ നിന്ന് ബാർക്ലി ചെൽസിയിൽ എത്തുന്നത്. കഴിഞ്ഞ ആഴ്ച കാരബവോ കപ്പിൽ ചെൽസിക്ക് വേണ്ടി കളിച്ച ബാർക്ലി ആ മത്സരത്തിൽ ഗോളും നേടിയിരുന്നു.