ഇന്ന് പുലർച്ചെ നടന്ന ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂൾ പോർച്ചുഗീസ് ക്ലബ് ബെനിഫിക്കയെ തോൽപ്പിച്ചിരുന്നു. ബെനിഫിക്കയുടെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ക്ളോപ്പിന്റെ ലിവർപൂൾ വിജയിച്ചു കയറിയത്.
ഈ വിജയത്തോടെ ലിവർപൂൾ ചരിത്രത്തിലെ ഒരു റെക്കോർഡ് തന്നെയാണ് തിരുത്തപ്പെട്ടത്. ബെനിഫിക്കക്കെതിരായ വിജയത്തോടെ ലിവർപൂൾ തുടർച്ചയായ എട്ടാമത്തെ എവേ മത്സരമാണ് വിജയിക്കുന്നത്. ലിവർപൂൾ ഫുട്ബോൾ ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായാണ് ടീം തുടർച്ചയായി എട്ടു എവേ മത്സരങ്ങൾ വിജയിക്കുന്നത്. ഈ എട്ടു മത്സരങ്ങളിൽ നിന്നായി പതിനാറു ഗോളുകൾ അടിച്ചപ്പോൾ രണ്ടെണ്ണം മാത്രമാണ് വഴങ്ങിയിട്ടുള്ളത്.
1984 ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗിലും ലിവർപൂൾ തുടർച്ചയായി അഞ്ചു എവേ മത്സരങ്ങൾ വിജയിച്ചു എന്ന റെക്കോർഡും ഇന്നലെ സ്വന്തമാക്കി. വിജയത്തോടെ ബെനിഫിക്കകെതിരെ വ്യക്തമായ ആധിപത്യം നേടാൻ ക്ലോപ്പിനും സംഘത്തിനുമായി. ഏപ്രിൽ പതിമൂന്നിനാണ് ആൻഫീൽഡിൽ നടക്കുന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ അരങ്ങേറുക.