ലിവർപൂൾ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഉണ്ടാകില്ല എന്ന് ഏതാണ്ട് ഉറപ്പാവുന്നു. ഇന്ന് ആസ്റ്റൺ വില്ലയോട് സമനില വഴങ്ങിയതോടെ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചു. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ല 1-1 എന്ന സമനിലയിലാണ് ലിവർപൂളിനെ തളച്ചത്. ഇനി ശേഷിക്കുന്ന ഒരു മത്സരം ജയിച്ചാലും ആദ്യ നാലിൽ എത്തുക ലിവർപൂളിന് എളുപ്പമായിരിക്കില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ എന്നിവർ അവരുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ നേടിയാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടും.
ഇന്ന് വിജയം നിർബന്ധമായിരുന്ന ലിവർപൂളിന് ആൻഫീൽഡിൽ അത്ര നല്ല തുടക്കം അല്ല ലഭിച്ചത്. അവർ ആസ്റ്റൺ വില്ലയുടെ ആക്രമണങ്ങൾക്ക് മുന്നിൽ തുടക്കത്തിൽ തന്നെ പതറി. 21ആം മിനുട്ടിൽ ആസ്റ്റൺ വില്ലക്ക് ഒരു പെനാൾട്ടിയും ലഭിച്ചു. എന്നാൽ ഒലി വാറ്റ്കിൻസ് എടുത്ത പെനാൾട്ടി ടാർഗറ്റിൽ പോലും എത്തിയില്ല.എങ്കിലും അവർ പതറിയില്ല. അഞ്ചു മിനുട്ടുകൾക്ക് അകം ജേകബ് റാംസിയിലൂടെ ആസ്റ്റൺ വില്ല അവർ അർഹിച്ച ലീഡ് നേടി.
രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ ലിവർപൂൾ ഗാക്പോയിലൂടെ ഒരു ഗോൾ നേടി എങ്കില വാർ അത് ഓഫ്സൈഡ് ആണെന്ന് കണ്ടെത്തി. ലിവർപൂൾ സമനില നേടാനായി പുതിയ താരങ്ങളെ കളത്തിൽ എത്തിച്ചത് ഫലം ഉണ്ടായി. 90ആം മിനുട്ടിൽ ഫർമീനോയുടെ ഫിനിഷ് ലിവർപൂളിന് സമനില നൽകി. ഫർമീനോയുടെ അവസാന ആൻഫീൽഡ് മത്സരത്തിൽ ഗോളടിച്ച് താരം ആരാധകർക്കും ടീമിനും ഊർജ്ജം നൽകി.
തുടർന്ന് വിജയ ഗോളിനായുള്ള പോരാട്ടം. ലിവർപൂളിന്റെ തുടർ ആക്രമണങ്ങൾ വന്നു. പക്ഷേ വിജയ ഗോൾ വന്നില്ല.ലിവർപൂൾ 37 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 66 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. 69 പോയിന്റുള്ള ന്യൂകാസിൽ യുണൈറ്റഡും മാഞ്ചസ്റ്റർ യുണൈറ്റഡും ആണ് മൂന്നും നാലും സ്ഥാനത്ത് ഉള്ളത്.