കഴിഞ്ഞ യൂറോപ്പ ലീഗ് ഫൈനലിൽ ബാക്കുവിൽ ചെൽസിയോട് ഏറ്റകനത്ത പരാജയമാണ് ടീമിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിനെ കുറിച്ച് ചിന്തിപ്പിച്ചത് എന്നു ആഴ്സണൽ ഡയരക്ടറും ആഴ്സണൽ ഉടമ സ്റ്റാൻ കൊരേങ്കയുടെ മകനുമായ ജോഷ് കൊരേങ്ക. ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് ജോഷിന്റെ പ്രതികരണം. പ്രത്യേകിച്ച് ചെൽസിക്കെതിരായ രണ്ടാം പകുതിയിലെ മോശം പ്രകടനം ടീമിന്റെ പലമേഖലകളിലും മാറ്റം വരുത്തേണ്ട ആവശ്യകത ക്ലബിനെ ബോധിപ്പിച്ചു അതിന്റെ ഫലമായാണ് ഈ ട്രാസ്ഫർ മാർക്കറ്റിൽ വലിയ രീതിയിൽ ഉപയോഗപ്പെടുത്താൻ ആഴ്സണൽ തീരുമാനിക്കുന്നത് എന്നും ജോഷ് കൂട്ടിച്ചേർത്തു.
എന്നാൽ ആരാധകരുടെ പ്രതിഷേധം കാരണമല്ല പുതിയ താരങ്ങൾ ക്ലബിൽ എത്തിയത് എന്നും ജോഷ് പറഞ്ഞു, എല്ലായിപ്പോഴും ജനങ്ങളുടെ അഭിപ്രായം അനുസരിച്ച് മാത്രം ഒരു ക്ലബിനും പ്രവർത്തിക്കാൻ ആകില്ലെന്നും ജോഷ് പറഞ്ഞു. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ അഭാവത്തിൽ പലപ്പോഴും താരങ്ങളെ ടീമിൽ എത്തിക്കുന്നത് ബുദ്ധിമുട്ട് ആണെങ്കിലും ക്ലബിന്റെ ശരിയായ സമീപനം മൂലം ക്ലബിന് ഉദ്ദേശിച്ച താരങ്ങളെ ടീമിലെത്തിക്കാൻ ആയെന്നും പറഞ്ഞു അദ്ദേഹം. ഇതിഹാസപരിശീലകൻ ആഴ്സ്നെ വെങറിൽ നിന്നുള്ള മാറ്റം ഒരിക്കലും എളുപ്പമായിരുന്നില്ല എന്നു വ്യക്തമാക്കിയ ജോഷ് ക്ലബ് മികച്ച രീതിയിൽ ആ മാറ്റം ക്ലബിൽ കൊണ്ട് വന്നു എന്നും അവകാശപ്പെട്ടു. അതേപോലെ ആവശ്യമെങ്കിൽ വരുന്ന ജനുവരി ട്രാസ്ഫർ ജാലകത്തിലും പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ ക്ലബ് മടിക്കില്ല എന്ന സൂചനയും അദ്ദേഹം നൽകി.
എന്നും പ്രീമിയർ ലീഗ് കിരീടവും മറ്റ് കിരീടങ്ങളുമാണ് ക്ലബിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ ജോഷ് പ്രീമിയർ ലീഗ് ഉയർത്തുക അത്ര എളുപ്പമല്ല എന്നു സമ്മതിക്കുകയും ചെയ്തു. ഫുട്ബോൾ ആണ് എന്നും തന്റെ ആദ്യ പ്രണയം എന്നു പറഞ്ഞ ആഴ്സണൽ ഡയരക്ടർ അമേരിക്കൻ സമയം പുലർച്ചെയായാലും ആഴ്സണൽ മത്സരങ്ങൾ കാണാൻ താൻ ശ്രമിക്കാറുണ്ട് എന്നും കൂട്ടിച്ചേർത്തു. സമീപകാലത്ത് ആഴ്സണൽ ഉടമയായ സ്റ്റാൻ കൊരേങ്കക്ക് എതിരെ വലിയ പ്രതിഷേധങ്ങളാണ് ആഴ്സണൽ ആരാധകരിൽ നിന്നും ഉണ്ടായിട്ടുള്ളത്. എന്നാൽ റെക്കോർഡ് തുകക്ക് നിക്കോളാസ് പെപ്പെ, സെബലയോസ്, ടിയേർനി, ഡേവിഡ് ലൂയിസ്, മാർട്ടിനെല്ലി തുടങ്ങിയ താരങ്ങളെ ടീമിലെത്തിക്കാൻ സാധിച്ച ഇപ്രാവശ്യത്തെ ട്രാസ്ഫർ ജാലകം ഈ പ്രതിഷേധങ്ങൾ കുറക്കാൻ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഒപ്പം അച്ഛനെക്കാൾ ആഴ്സണൽ ആരാധകർക്ക് ജോഷിനോട് വിശ്വാസം ഉള്ളതിനാൽ തന്നെ ജോഷ് ക്ലബിൽ വരുത്താൻ ശ്രമിക്കുന്ന മാറ്റങ്ങൾ ക്ലബിന് ഗുണകരമാകും എന്ന പ്രതീക്ഷയാണ് വലിയവിഭാഗം ആഴ്സണൽ ആരാധകർക്കും.