വിങറിന് പകരം മധ്യനിര താരത്തിന് ആയി ആഴ്സണൽ രംഗത്ത് വന്നേക്കും
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് തിരിച്ചടിയായി മധ്യനിര താരം മുഹമ്മദ് എൽനെനിയുടെ പരിക്ക്. ഫുൾഹാമിനു എതിരായ മത്സരം പൂർത്തിയാക്കിയെങ്കിലും താരത്തിന് അന്ന് പരിക്കേറ്റിരുന്നു. ഗുരുതരമായ പരിക്ക് ആയതിനാൽ ഈജിപ്ത് താരം ഈ സീസൺ മുഴുവൻ പുറത്ത് ഇരിക്കും എന്നാണ് സൂചന.
നിലവിൽ ചെറിയ പരിക്ക് മൂലം തോമസ് പാർട്ടിയും പുറത്ത് ആയതിനാൽ ആഴ്സണലിന് ഇത് കനത്ത തിരിച്ചടിയാണ്. ഇതോടെ ആഴ്സണൽ പകരക്കാരനായി ഒരു മധ്യനിര താരത്തെ സ്വന്തമാക്കാൻ ശ്രമിക്കും എന്നാണ് സൂചന. ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ വിങറിന് പകരം മധ്യനിര താരത്തെ സ്വന്തമാക്കാൻ ആവും ആഴ്സണൽ ശ്രമം. നാളെ നടക്കുന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയാണ് ആഴ്സണലിന്റെ അടുത്ത മത്സരത്തിലെ എതിരാളികൾ.