നോർത്ത് ലണ്ടനിൽ ശക്തി തെളിയിച് ആഴ്സണൽ

- Advertisement -

നോർത്ത് ലണ്ടനിൽ ആഴ്സണലിന്റെ തേരോട്ടം. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ സ്പർസിനെ മത്സരത്തിന്റെ സർവ മേഖകലകളിലും പിൻ തള്ളിയ ആഴ്സണൽ അർഹിക്കുന്ന ജയമാണ് നേടിയത്. എതിരില്ലാത്ത 2 ഗോളുകൾക്കാണ് ആഴ്സണൽ ജയം കണ്ടത്. ആഴ്സണലിനായി മുസ്താഫിയും സാഞ്ചസുമാണ് ഗോൾ നേടിയത്. ജയത്തോടെ ആഴ്സണലിന് 22 പോയിന്റായി. അവർ അഞ്ചാം സ്ഥാനത്തും 23 പോയിന്റുള്ള ടോട്ടൻഹാം മൂന്നാം സ്ഥാനത്തുമാണ്. പക്ഷെ ഇന്ന് നടക്കുന്ന ചെൽസി- വെസ്റ്റ് ബ്രോം മത്സരത്തിൽ ചെൽസി ജയിച്ചാൽ സ്പർസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.

ആഴ്സണൽ നിരയിലേക്ക് സിറ്റിക്കെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ ഇല്ലാതിരുന്ന ലകസറ്റേ തിരിച്ചെത്തിയപ്പോൾ സ്പർസ് നിരയിൽ ക്യാപ്റ്റൻ ലോറിസും പരിക്ക് മാറി തിരിച്ചെത്തി. ഇരു ടീമുകൾക്കും ഒരേ പോലെ അവസരങ്ങൾ ലഭിച്ച ആദ്യ പകുതിയിൽ പക്ഷെ ഫിനിഷിങിലെ കൃത്യതയാണ് ആഴ്സണലിന് തുണയായത്. 36 ആം മിനുട്ടിലായിരുന്നു ആദ്യ ആഴ്സണൽ ഗോൾ പിറന്നത്. സാഞ്ചസിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കിൽ മുസ്താഫിയാണ് ഹെഡറിലൂടെ ഗണ്ണേഴ്‌സിന്റെ ലീഡ് നേടിയത്. ഏറെ വൈകാതെ സാഞ്ചസും ഗോൾ കണ്ടെത്തി ലീഡ് രണ്ടാക്കി ഉയർത്തി. 41 ആം മിനുട്ടിലായിരുന്നു സാഞ്ചസിന്റെ ഗോൾ പിറന്നത്. സീസണിൽ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ സാഞ്ചസിന്റെ ആദ്യ ഗോളാലായിരുന്നു അത്. ഇരു ഗോളുകളും നേരിയ ഓഫ് സൈഡ് ആണെന്ന് റീ പ്ളേകളിൽ വ്യക്തമായെങ്കിലും ആഴ്സണലിന് സംശയത്തിന്റെ ആനുകൂല്യം ലഭിച്ചു.

രണ്ടാം പകുതിയിൽ മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. ആഴ്സണലിന്റെ മുന്നേറ്റ നിര രണ്ടാം പകുതിയിലും മികച്ചു നിന്നപ്പോൾ സ്പർസിന്റെ കെയ്‌നും അലിയും അടക്കമുള്ളവർ കാര്യമായി ഒന്നും ചെയ്യാനാവാതെ നിന്നപ്പോൾ ആഴ്സണലിന് പ്രതിരോധം എളുപ്പമായി. മത്സരം 60 മിനുറ്റ് പിന്നിട്ടപ്പോൾ പോചെട്ടിനോ ദമ്പലയെ പിൻവലിച്ച് ഹാരി വിങ്ക്സിനെ ഇറക്കിയെങ്കിലും സ്പർസ് മധ്യനിരയിൽ കാര്യമായി ഒന്നും ചെയാനായില്ല. 75 ആം മിനുട്ടിൽ കെയ്‌നും അലിയും മാറി സോണും യോറന്റെയും ഇറങ്ങിയിട്ടും ആഴ്സണൽ പ്രതിരോധത്തെ മറികടക്കാൻ അവർക്കായില്ല. 2014 ന് ശേഷം ആദ്യമായാണ് ആഴ്സണൽ സ്പർസിന് എതിരെ ഒരു പ്രീമിയർ ലീഗ് മത്സരം ജയിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement