പൊരുതി നോക്കിയെങ്കിലും ആഴ്‌സണലിന് മുൻപിൽ വീണ് ഹഡേഴ്സ്ഫീൽഡ്

Staff Reporter

ശക്തരായ ആഴ്‌സണലിന് മുൻപിൽ അവസാനം വരെ പൊരുതി നോക്കിയെങ്കിലും ലീഗിലെ അവസാന സ്ഥാനക്കാരായ ഹഡേഴ്സ്ഫീൽഡിന് തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഹഡേഴ്സ്ഫീൽഡിന്റെ തോൽവി.

ആഴ്‌സണലിനെതിരെ തുടക്കം മുതൽ മികച്ച പ്രകടനമാണ് ഹഡേഴ്സ്ഫീൽഡ് കാഴ്ചവെച്ചതെങ്കിലും പ്രതിരോധത്തിൽ വരുത്തിയ രണ്ടു പിഴവുകൾ അവർക്ക് വിനയാവുകയായിരുന്നു. മത്സരം തുടങ്ങി 15ആം മിനുട്ടിൽ തന്നെ ആഴ്‌സണൽ മത്സരത്തിൽ മുൻപിലെത്തി. കൊലസിനാക്കിന്റെ പാസിൽ നിന്ന് ഇവോബിയാണ് ഗോൾ നേടിയത്. തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് ആഴ്‌സണൽ രണ്ടാമത്തെ ഗോൾ നേടിയത്. മൈറ്റ്ലാൻഡ് നൈൽസിന്റെ പാസിൽ നിന്ന് ലാകസറ്റെയാണ് ഗോൾ നേടിയത്.

രണ്ടാം പകുതിയിലും ഹഡേഴ്സ്ഫീൽഡ് പൊരുതി നോക്കിയെങ്കിലും ആഴ്‌സണൽ പ്രതിരോധം മറികടക്കാൻ ഹഡേഴ്സ്ഫീൽഡിനായില്ല. ഇഞ്ചുറി ടൈമിൽ കൊലസിനാക്കിന്റെ സെൽഫ് ഗോളിൽ ഹഡേഴ്സ്ഫീൽഡ് മത്സരത്തിൽ ഒരു ഗോൾ മടക്കിയെങ്കിലും അത് ഒരു ആശ്വാസ ഗോൾ മാത്രമായിരുന്നു.