മത്സരങ്ങൾക്ക് ഇതിനകം ടിക്കറ്റ് മേടിച്ചവർക്ക് ആഴ്സണൽ പണം തിരികെ നൽകും

- Advertisement -

കൊറോണ വൈറസ് മൂലം ഫുട്‌ബോൾ ക്ലബുകൾക്ക് ഉണ്ടായ നഷ്ടം വളരെ വലുതാണ്. എന്നാൽ അതേസമയം ഇതിനകം തന്നെ സീസണിലെ സ്വന്തം മൈതാനത്തിലെ എല്ലാ മത്സരവും കാണാൻ സീസൺ ടിക്കറ്റ് വാങ്ങിയവർക്കും ഓരോ മത്സരം കാണാൻ ടിക്കറ്റ് വാങ്ങിയവർക്കും അടക്കം ടിക്കറ്റ് പണം തിരികെ നൽകാൻ തീരുമാനിച്ച് ആഴ്സണൽ ഫുട്‌ബോൾ ക്ലബ്. നിലവിൽ കൊറോണ മൂലം നിർത്തി വച്ച ലീഗ് പുനരാരംഭിക്കുമ്പോൾ ജർമ്മനിയിൽ എന്ന പോലെ കാണികളെ പ്രവേശിപ്പിക്കില്ല എന്നതിനാൽ ആണ് ആഴ്സണൽ ഇത്തരം ഒരു തീരുമാനം എടുത്തത്.

നിലവിൽ സമാനമായ തീരുമാനം കൈക്കൊള്ളും എന്നു എവർട്ടൻ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം ഹോട്‌സ്പർ എന്നീ ക്ലബുകൾ മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടനിൽ ഏതാണ്ട് രണ്ടരലക്ഷം ആളുകൾക്ക് ആണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്, 36,000 പേർ മരണപ്പെടുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ ജൂൺ പകുതിയോടെ ഫുട്‌ബോൾ മത്സരങ്ങൾ കാണികൾ ഇല്ലാതെ നടത്താൻ ആവും എന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. പത്രക്കുറിപ്പിൽ ആരാധകർക്ക് നന്ദി രേഖപ്പെടുത്തിയ ആഴ്സണൽ ഉടൻ കാണികൾക്ക് മത്സരങ്ങൾ കാണാൻ ആവുന്ന കാലം വരുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു.

Advertisement