18 കാരനായ യുവതാരം ബുകയോ സാക്കയെ ക്ലബ്ബിൽ ദീർഘകാലം നിലനിർത്താൻ ആർസണൽ ശ്രമം തുടങ്ങി. നിലവിൽ 3,000 പൗണ്ട് ആഴ്ചവരുമാനത്തിൽ ക്ലബ്ബിൽ തുടരുന്ന സാക്കയുടെ കരാർ അവസാനിക്കാൻ വെറും 18 മാസം മാത്രം ബാക്കിയുള്ളതിനാൽ ആണ് ആർസണൽ പുതിയ കരാറുമായി താരത്തെ സമീപിച്ചത്. അതിനിടയിൽ സാക്കയെ സ്വന്തമാക്കാൻ ഇംഗ്ലീഷ് ക്ലബുകൾ ആയ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്ക് എന്നിവർ ശ്രമം തുടങ്ങിയെന്ന വാർത്തയും ആർസണലിന്റെ ഈ നീക്കത്തിന് പിറകിൽ ഉണ്ട്. 2018 ൽ വെറും 16 മത്തെ വയസ്സിൽ ആർസണളിനായി അരങ്ങേറ്റം കുറിച്ച സാക്ക ഈ സീസണിൽ ആർസണലിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ ആണ്. സാക്കക്ക് ഒപ്പം മാർട്ടിനെല്ലി, വില്ലോക്ക്, നെൽസൺ തുടങ്ങിയ യുവതാരങ്ങൾ ആർസണലിന്റെ ഭാവി മികച്ചത് ആണെന്ന സൂചനയാണ് ഈ സീസണിൽ നൽകിയത്. അതിനാൽ തന്നെ ഈ താരങ്ങളെ ക്ലബ്ബിൽ എന്ത് വില കൊടുത്തും നിലനിർത്താൻ തന്നെയാണ് ആർസണൽ ശ്രമം.
ഇടത് ബാക്ക് ആയി സീസണിൽ കൂടുതൽ മത്സരങ്ങൾ കളിച്ച അണ്ടർ 19 ഇംഗ്ലണ്ട് ടീം അംഗം ആയ സാക്ക ഇടത് വിങർ ആയാണ് സാധാരണ കളിക്കുക. ഈ സീസണിൽ ഇതിനകം 15 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരം സീസണിൽ ആർസണലിനായി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരവും ആണ്. ഇന്നലെ ന്യൂകാസ്റ്റിലിനെതിരെയും ഗോൾ അവസരം ഒരുക്കിയ സാക്ക ഇതിനകം 8 അസിസ്റ്റുകൾ ആണ് സീസണിൽ നൽകിയത്. യൂറോപ്പ ലീഗിൽ അടക്കം പരിക്ക് വലച്ച ആർസണലിന് സാക്ക വലിയ ആശ്വാസം ആയിരുന്നു. ഏതാണ്ട് 30,000 പൗണ്ട് ആഴ്ചവരുമാനം നൽകി 5 വർഷത്തെ കരാർ ആണ് ആർസണൽ സാക്കക്ക് മുന്നിൽ വക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്. സാക്കക്ക് ഒപ്പം 2 വർഷത്തിൽ താഴെ ക്ലബുമായി കരാറുള്ള ഒബമയാങ്, ലാക്കസെറ്റെ തുടങ്ങിയ താരങ്ങളെയും ക്ലബിൽ നിലനിർത്താൻ ആർസണൽ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.