‘2018 ലെ രണ്ടാം സ്ഥാനക്കാർക്ക് കിരീടസാധ്യത ഉണ്ടോ?’ മാഞ്ചസ്റ്റർ സിറ്റിയുടെ വിലക്കിനോട് മൗറീന്യോയുടെ തമാശ

- Advertisement -

യുഫേഫയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ 2 കൊല്ലത്തെ ചാമ്പ്യൻസ് ലീഗ് വിലക്കിനോട് തമാശയോടെ പ്രതികരിച്ച് ടോട്ടനം ഹോട്ട്സ്പർ പരിശീലകൻ ഹോസ്യ മൗറീന്യോ. 2017/18 സീസണിൽ 100 പോയിന്റുകൾ നേടി കിരീടം നേടിയ മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിൽ 19 പോയിന്റുകളുമായി രണ്ടാമത് എത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ആയിരുന്നു മൗറീന്യോ. അതിനാൽ തന്നെ വിലക്കിനെ കുറിച്ചുളള ചോദ്യത്തിന് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചു കൊണ്ടായിരുന്നു മൗറീന്യോ രണ്ടാമത് എത്തിയ തന്റെ ടീമിന്റെ കിരീട സാധ്യത സംശയം ഉന്നയിച്ചത്. എന്നാൽ തമാശക്ക് അപ്പുറം ഈ വർഷം ടോട്ടനത്തിനു ഒപ്പം ചാമ്പ്യൻസ് ലീഗ് നേടുകയാണ് തന്റെ ലക്ഷ്യം എന്നും മൗറീന്യോ വ്യക്തമാക്കി.

മാഞ്ചസ്റ്റർ സിറ്റിയുടെ അസാന്നിധ്യത്തിൽ നിലവിൽ അഞ്ചാമത് എത്തുന്ന ടീമിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കും എന്ന അവസ്ഥയാണ് പ്രീമിയർ ലീഗിൽ ഉള്ളത്. നിലവിൽ ചെൽസിക്ക് പിറകിൽ അഞ്ചാമതും ആണ് ടോട്ടനം. സ്ഥാനം ഏത് ആയാലും ചാമ്പ്യൻസ് ലീഗ് യോഗ്യത തനിക്ക് വളരെ പ്രാധാന്യം ആണെന്ന് വ്യക്തമാക്കിയ മൗറീന്യോ സിറ്റിക്ക് സംശയത്തിന്റെ ആനുകൂല്യവും നൽകി. സിറ്റിയുടെ അപ്പീൽ യുഫേഫ പരിഗണിക്കുന്നത് തീർന്നതിനു ശേഷം മാത്രമെ അവരെ പൂർണമായും കുറ്റക്കാർ ആണെന്ന് പറയാൻ ആവുകയുള്ളൂ എന്ന് കൂട്ടിച്ചേർത്തു മൗറീന്യോ. നിലവിൽ മാഞ്ചസ്റ്റർ സിറ്റിയുടെ അസാന്നിധ്യത്തിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് ആയുള്ള പ്രീമിയർ ലീഗിലെ പോരാട്ടം കടക്കുകയാണ്. ചെയസി, ടോട്ടനം, മാഞ്ചസ്റ്റർ യുണൈറ്റഡ്, വോൾവ്സ്, ഷെഫീൽഡ് യുണൈറ്റഡ് മുതൽ ആഴ്‌സണൽ എവർട്ടൺ ടീമുകൾ വരെ ചാമ്പ്യൻസ് ലീഗ് യോഗ്യത ലക്ഷ്യമിടുന്നുണ്ട്.

Advertisement