മാഞ്ചസ്റ്റർ സിറ്റിയുടെ വിലക്ക് തുടർന്നാലും സിറ്റിയിൽ തുടരുമെന്ന് പെപ് ഗാർഡിയോള

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെയുള്ള യുഫേഫയുടെ ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള 2 വർഷത്തെ വിലക്ക് തുടർന്നാലും സിറ്റിയിൽ തുടരുമെന്ന് പെപ് ഗാർഡിയോള. തന്റെ ചില അടുത്ത സുഹൃത്തുക്കളോട് ആണ് ഗാർഡിയോള തന്റെ തീരുമാനം വ്യക്തമാക്കിയത് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. വരുന്ന വെള്ളിയാഴ്ച മാഞ്ചസ്റ്റർ സിറ്റിയുടെ അപ്പീൽ എന്ന അവസാന സാധ്യയും പരാജയപ്പെട്ടാൽ അടുത്ത 2 കൊല്ലവും സിറ്റി ചാമ്പ്യൻസ് ലീഗ് കളിക്കില്ല എന്നുറപ്പാണ്. വെസ്റ്റ് ഹാമിനു എതിരായ പ്രീമിയർ ലീഗ് മത്സരത്തിനു മുമ്പ് ബുധനാഴ്ച ഗാർഡിയോള തന്റെ നയം പരസ്യമാക്കും എന്നാണ് നിലവിൽ അറിയാൻ സാധിക്കുന്നത്.

നിലവിൽ 2022 വരെ യൂറോപ്യൻ ടൂർണമെന്റുകളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് കളിക്കാൻ സാധിക്കില്ല. എന്നാൽ 2021 ൽ ക്ലബുമായുള്ള കരാർ അവസാനിക്കുന്ന ഗാർഡിയോള ക്ലബ്ബിൽ തുടരും എന്നു അറിയിച്ചത് മാഞ്ചസ്റ്റർ സിറ്റിക്ക് വലിയ ആശ്വാസം ആണ് പകരുക. പ്രത്യേകിച്ച് യൂറോപ്യൻ ഫുട്‌ബോളിന് ഒപ്പം ഗാർഡിയോള കൂടി ഇല്ലെങ്കിൽ പല പ്രമുഖ താരങ്ങളും പുതു ക്ലബുകൾ തേടും എന്നുറപ്പാണ്. വെസ്റ്റ് ഹാമുമായുള്ള പ്രീമിയർ ലീഗ് മത്സരശേഷം ഗാർഡിയോള തന്റെ ഭാവിയെക്കുറിച്ച് ക്ലബുമായി സംസാരിക്കും എന്നാണ് നിലവിൽ അറിയാൻ കഴിയുന്നത്. ബാഴ്‍സലോണയുമായി 2 പ്രാവശ്യം ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയ 49 കാരൻ ആയ ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റിയും ആയി ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം തന്നെയാണ് ലക്ഷ്യം വക്കുന്നത്. പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡ് ആണ് സിറ്റിക്ക് മുന്നിലുള്ള എതിരാളി.