വിജയവഴിയിൽ തിരിച്ചെത്തണം, ഒന്നാം സ്ഥാനത്തേക്കും, ആഴ്‌സണൽ ഇന്ന് ഫോറസ്റ്റിന് എതിരെ

Wasim Akram

20221021 070048
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്താൻ ആഴ്‌സണൽ ഇന്ന് നോട്ടിങ്ഹാം ഫോറസ്റ്റിനെ നേരിടും. ലീഗിൽ കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയ ആഴ്‌സണൽ കഴിഞ്ഞ യൂറോപ്പ ലീഗ് മത്സരത്തിൽ പരാജയവും വഴങ്ങിയിരുന്നു. നിലവിൽ ഒരു പോയിന്റിന് മാഞ്ചസ്റ്റർ സിറ്റി മുന്നിൽ ആയതിനാൽ ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചു വരാനും ആഴ്‌സണലിന് ജയം അനിവാര്യമാണ്. മറുപുറത്ത് ഫോറസ്റ്റ് ആവട്ടെ അവസാന സ്ഥാനക്കാർ ആണെങ്കിലും കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനെ അട്ടിമറിച്ച ആവേശത്തിൽ ആണ് ഇന്ന് കളിക്കാൻ ഇറങ്ങുക. അവസാനം ഏറ്റുമുട്ടിയപ്പോൾ എഫ്.എ കപ്പിൽ ആഴ്‌സണലിനെ അട്ടിമറിച്ച ആത്മവിശ്വാസവും അവർക്ക് ഉണ്ട്.

പ്രതിരോധത്തിൽ ചെറിയ പരിക്ക് അലട്ടിയെങ്കിലും സലിബക്ക് ഒപ്പം ഗബ്രിയേൽ ഇറങ്ങാൻ തന്നെയാണ് സാധ്യത. വൈറ്റ്, ടോമിയാസു എന്നിവർ അവർക്ക് ഒപ്പം റാംസ്ഡേലിന് മുന്നിൽ അണിനിരക്കും, സിഞ്ചെങ്കോയുടെ അഭാവം ആഴ്‌സണലിന് വലിയ നഷ്ടം തന്നെയാണ്. മധ്യനിരയിൽ തോമസ് പാർട്ടി, ഗ്രാനിറ്റ് ശാക്ക എന്നിവർ തന്നെയാവും ഇറങ്ങുക. പരിക്ക് മാറിയ എൽനെനി ബെഞ്ചിൽ ഇടം പിടിക്കാനും സാധ്യതയുണ്ട്. വിശ്രമം ഇല്ലെങ്കിലും മികവ് തുടരുന്ന ബുകയോ സാക, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർക്ക് ഇന്ന് വിശ്രമം നൽകാൻ സാധ്യതയില്ല. നിറം മങ്ങുന്ന ക്യാപ്റ്റൻ ഒഡഗാർഡ് ടീമിൽ സ്ഥാനം നിലനിർത്താൻ തന്നെയാണ് സാധ്യത.

ആർട്ടെറ്റ ഫാബിയോ വിയേരയെ ഒഡഗാർഡിനു പകരം പരീക്ഷിക്കാൻ സാധ്യത കുറവാണ്. മുന്നേറ്റത്തിൽ കഴിഞ്ഞ കുറെ മത്സരങ്ങളിൽ ആയി ഗോൾ കണ്ടത്താൻ വിഷമിക്കുന്ന ഗബ്രിയേൽ ജീസുസ് തന്റെ ഗോൾ ക്ഷാമം പരിഹരിക്കാൻ ആണ് ഇന്ന് ഇറങ്ങുക. ജീസുസിനോട് ഗോൾ ക്ഷാമം പരിഹരിക്കണം എന്ന വെല്ലുവിളിയും ആർട്ടെറ്റ താരത്തിനോട് മുന്നോട്ട് വച്ചിട്ടുണ്ട്. മറുപുറത്ത് ലിംഗാർഡ്, ഗിബ്സ്-വൈറ്റ്, അയോനിയി എന്നിവർ ആഴ്‌സണലിന് വെല്ലുവിളി ഉയർത്താൻ പോന്നവർ ആണ്. ഗോൾ പോസ്റ്റിനു മുന്നിൽ ജോർദൻ ഹെന്റേഴ്‌സനെ മറികടക്കേണ്ടതും വലിയ കടമ്പ തന്നെയാണ്. തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന സ്റ്റീവ് കൂപ്പറിന്റെ ടീമിൽ നിന്നു വലിയ പോരാട്ടം തന്നെ എമിറേറ്റ്‌സിൽ ആഴ്‌സണൽ പ്രതീക്ഷിക്കുന്നു.