എവർട്ടൺ കടമ്പ താണ്ടാൻ ആഴ്‌സണൽ ഇന്ന് ഇറങ്ങും

Wasim Akram

ഗുഡിസൺ പാർക്കിൽ സമീപകാലത്ത് തങ്ങൾക്ക് എതിരെ മികച്ച റെക്കോർഡ് ഉള്ള എവർട്ടൺ കടമ്പ താണ്ടാൻ ഇന്ന് ആഴ്‌സണൽ ഇറങ്ങും. എവർട്ടണിന്റെ മൈതാനത്ത് കഴിഞ്ഞ 5 മത്സരങ്ങളിൽ നാലിലും ആഴ്‌സണൽ പരാജയപ്പെട്ടിരുന്നു. തന്റെ മുൻ ക്ലബിന് എതിരെ ഈ റെക്കോർഡ് തിരുത്താൻ ആവും മിഖേൽ ആർട്ടെറ്റ തന്റെ താരങ്ങളും ആയി എത്തുക. കളിച്ച നാലു മത്സരങ്ങളിൽ 10 പോയിന്റുകളും ആയി അഞ്ചാമത് ഉള്ള ആഴ്‌സണൽ ജയം തന്നെയാണ് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളക്ക് ശേഷം മികച്ച തുടക്കം തന്നെയാണ് ക്ലബിന്റെ ലക്ഷ്യം.

ആഴ്‌സണൽ

ചാമ്പ്യൻസ് ലീഗ് മത്സരം ഉള്ളതിനാൽ ടീമിൽ ആർട്ടെറ്റ മാറ്റങ്ങൾ വരുത്താനും സാധ്യതയുണ്ട്. എവർട്ടണിനു എതിരെ മികച്ച റെക്കോർഡ് ഉള്ള ഗബ്രിയേൽ ജീസുസിന് ഒപ്പം സാക, മാർട്ടിനെല്ലി എന്നിവർ തന്നെയാവും മുന്നേറ്റത്തിൽ. എഡി പകരക്കാരൻ ആയേക്കും. ക്യാപ്റ്റൻ ഒഡഗാർഡ്,റൈസ് എന്നിവർക്ക് ഒപ്പം മധ്യനിരയിൽ ഹാവർട്സിന് പകരം കഴിഞ്ഞ കളികളിൽ പകരക്കാരനായി തിളങ്ങിയ ഫാബിയോ വിയേര ഇറങ്ങുമോ എന്നു കണ്ടറിയാം. പ്രതിരോധത്തിൽ സിഞ്ചെങ്കോ, സലിബ, ഗബ്രിയേൽ, വൈറ്റ് എന്നിവർ തന്നെയാവും ഇറങ്ങുക.

ആഴ്‌സണൽ

ഗോളിന് മുമ്പിൽ റയ അവകാശവാദം ഉന്നയിക്കും എങ്കിലും എവെ മത്സരങ്ങളിൽ തിളങ്ങുന്ന റാംസ്ഡേൽ തുടരാൻ തന്നെയാണ് സാധ്യത. അതേസമയം ഒനാന, ഡകോറെ, ഗെയെ എന്നിവർ അടങ്ങിയ മധ്യനിരയും തർകോവ്സ്കി അടങ്ങുന്ന പ്രതിരോധവും ഉപയോഗിച്ച് കോട്ട കെട്ടാൻ ആവും ഡെയ്ചെ ശ്രമം. മുന്നേറ്റത്തിൽ പുതിയ താരം ബെറ്റോയും മക്നെയിലും ആഴ്‌സണലിന് തലവേദന സൃഷ്ടിക്കാൻ പോന്നവർ ആണ്. സീസണിൽ ഇത് വരെ നാലു കളികളിൽ നിന്നു ഒരു സമനില മാത്രം നേടിയ എവർട്ടൺ ബാക്കി 3 മത്സരങ്ങളും തോറ്റിരുന്നു. ഇംഗ്ലീഷ് ഫുട്‌ബോളിൽ തന്നെ തങ്ങൾ ഏറ്റവും അധികം തോൽപ്പിച്ച എവർട്ടണിനെ അവരുടെ മൈതാനത്ത് തോൽപ്പിക്കാൻ ഉറച്ചു തന്നെയാവും ആഴ്‌സണൽ ഇറങ്ങുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 9 മണിക്ക് ആണ് ഈ മത്സരം തുടങ്ങുക.