യുവ ബ്രസീലിയൻ താരത്തെ ജനുവരിയിൽ ആഴ്‌സണൽ ലോണിൽ അയച്ചേക്കും

യുവ ബ്രസീലിയൻ താരം മാർക്വീനോസിനെ ആഴ്‌സണൽ ജനുവരിയിൽ ലോണിൽ അയച്ചേക്കും എന്നു സൂചന. ബ്രസീലിൽ നിന്നു ആഴ്‌സണലിൽ എത്തിയ താരം ആഴ്‌സണൽ അണ്ടർ 21 ടീമിന് ഒപ്പം മികച്ച പ്രകടനം ആണ് നടത്തുന്നത്. ഇടക്ക് ലഭിച്ച സീനിയർ ടീമിലെ അവസരത്തിലും താരം തിളങ്ങിയിരുന്നു. യൂറോപ്പ ലീഗിൽ സൂറിച്ചിനു എതിരെ ഒരു ഗോളും അസിസ്റ്റും നേടിയാണ് മാർക്വീനോസ് അരങ്ങേറ്റം കുറിച്ചത്.

അതിനു ശേഷം യൂറോപ്പ ലീഗിൽ 2 മത്സരങ്ങളിൽ മാത്രമാണ് താരത്തിന് ആദ്യ 11 ൽ ഇടം പിടിക്കാൻ ആയത്. അണ്ടർ 21 നു ആയുള്ള പ്രീമിയർ ലീഗ് 2 ൽ 5 മത്സരങ്ങളിൽ നിന്നു നാലു ഗോളുകളും 2 അസിസ്റ്റുകളും താരം നേടിയിരുന്നു. ഇന്ന് ലീഗ് കപ്പിലും താരത്തിന് ചിലപ്പോൾ അവസരം ലഭിച്ചേക്കും. എന്നാൽ സീനിയർ തലത്തിൽ മത്സര പരിചയം ലഭിക്കാനുള്ള അവസരം ആഴ്‌സണലിൽ കുറവാണ് എന്നതിനാൽ ആണ് താരത്തെ ലോണിൽ അയക്കാൻ ആഴ്‌സണൽ ശ്രമിക്കുന്നത്. 19 കാരനായ താരത്തിൽ വലിയ പ്രതീക്ഷകൾ ആഴ്‌സണലിന് ഉണ്ട്.