ഖത്തറിൽ കൊറിയയെ തോളിലേറ്റാൻ സോൺ എത്തും

മിഡ് സീസണിൽ ക്രമീകരിച്ച ലോകകപ്പ് ഫുട്ബോൾ പരിക്കിന്റെ പിടിയിൽലമർന്ന ഒരുപിടി പ്രമുഖ താരങ്ങളുടെ അഭാവം കൊണ്ട് ശ്രദ്ധേയമാകുന്നതിനിടെ ആരാധകർക്ക് ആശ്വാസമായി ദക്ഷിണ കൊറിയയിൽ നിന്നൊരു വാർത്ത. സൂപ്പർ താരം സോൺ ലോകകപ്പിനുണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. താരം തന്നെയാണ് തന്റെ ലോകകപ്പ് പ്രാതിനിധ്യം സമൂഹിക മാധ്യമത്തിലൂടെ ഉറപ്പിച്ചു പറഞ്ഞത്. തങ്ങളുടെ എക്കാലത്തെയും മികച്ച താരം ടീമിന് കൂടെ ഉണ്ടാവും എന്നത് ദക്ഷിണ കൊറിയക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതാക്കില്ല.

നേരത്തെ മാഴ്സെക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടവയാണ് സോണിന് പരിക്കേറ്റത്. ശസ്‌ത്രക്രിയ വേണ്ടിവരുമെന്ന് ടോട്ടനം അറിയിച്ചിരുന്നെങ്കിലും താരത്തിന്റെ മടങ്ങി വരവ് എന്നുണ്ടാകും എന്നോ ലോകകപ്പ് പ്രതിനിധ്യത്തെ പറ്റിയോ യാതൊരു സൂചനയും നൽകിയിരുന്നില്ല. ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് എല്ലാ ആശങ്കകളും ദൂരികരിച്ചു കൊണ്ട് സോൺ തന്നെ എത്തിയത്.

“ലോകകപ്പിൽ തന്റെ രാജ്യത്തെ പ്രധിനിധികരിക്കുക എന്നത് വളർന്നു വരുന്ന ഏതൊരു കുഞ്ഞിനെയും പോലെ എന്റെയും സ്വപ്നമായിരുന്നു. ഈ ലോകകപ്പിൽ പങ്കെടുക്കാനുള്ള അവസരം താൻ നഷ്ടപ്പെടുത്തില്ല. ഈ മനോഹരമായ രാജ്യത്തെ പ്രതിനിധീകരിക്കാൻ താൻ കാത്തിരിക്കുകയാണ്.” താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു.