ആഴ്‌സണൽ ശ്രമിക്കുന്നത് വലിയ താരങ്ങളെ സ്വന്തമാക്കാൻ – ഉനയ് എമറെ

- Advertisement -

വീണ്ടുമൊരു കടുത്ത നിരാശാജനകമായ ട്രാൻസ്‌ഫർ സീസൺ ആണ് ആഴ്‌സണൽ ആരാധകരെ സംബന്ധിച്ച് ഇത്തവണത്തേതും. വലിയ താരങ്ങൾക്ക് മുടക്കാൻ പണമില്ലാത്തതും വെറും 40 മില്യൻ പൗണ്ട് മാത്രമാണ് ട്രാൻസ്ഫർ തുക തുടങ്ങി പല നിരാശാജനകമായ വാർത്തകൾ ആയിരുന്നു ക്ലബിനെ ചുറ്റി കേട്ടുകൊണ്ടിരുന്നത്. ബ്രസീൽ യുവ താരത്തെ മാത്രം ഇത് വരെ ടീമിലെത്തിക്കാനായ ക്ലബിന് ആരാധകരെ ഒരു തരത്തിലും തൃപ്തിപ്പെടുത്താൻ ആയിട്ടില്ല. തിനേനി, സാലിബ, കബല്ലോസ്, എവർട്ടൺ തുടങ്ങിയ താരങ്ങൾ ടീമിലെത്തുമെന്ന സൂചനയുണ്ടെങ്കിലും ഇത് വരെയായിട്ടും ഇവരെ ആരെയും ടീമിലെത്തിക്കാൻ സാധിക്കാത്തത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. ആഴ്‌സണൽ ഉടമ സ്റ്റാൻ കൊരേങ്കക്കു നേരെയാണ് ആരാധകരുടെ വിമർശനങ്ങൾ മുഴുവനും.

എന്നാൽ ബുധനാഴ്ചത്തെ ബയേൺ മ്യൂണിച്ചിനെതിരായ ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പ് മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ട ആഴ്‌സണൽ പരിശീലകൻ ഉനയ് ഉമറെ പക്ഷെ ശുഭപ്രതീക്ഷയിലാണ്. ക്ഷമയോടെയാണ് തങ്ങൾ കാര്യങ്ങൾ സമീപിക്കുന്നത് എന്ന് പറഞ്ഞ എമറെ യുവതാരങ്ങൾക്ക് ഒപ്പം മൂന്നോ നാലോ വലിയ താരങ്ങളെ ടീമിലെത്തിക്കാൻ തങ്ങൾ ശ്രമിക്കും എന്നും കൂട്ടിച്ചേർത്തു. ആഴ്‌സണൽ ഡയറക്ടറും സ്റ്റാൻ കൊരേങ്കയുടെ മകനുമായ ജോഷ് കൊരേങ്ക നൽകുന്ന സൂചനകൾ ഇതാണെന്നും എമറെ പറഞ്ഞു. ആരാധകരോട് പ്രതീക്ഷയോടെ ഇരിക്കാൻ പറഞ്ഞ ജോഷ് തങ്ങളുടെ ലക്ഷ്യം കിരീടങ്ങൾ ആണെന്നും പറഞ്ഞിരുന്നു. ഉടനെ തന്നെ റയൽ മാഡ്രിഡ് മധ്യനിര താരം ഡാനി കാബല്ലോസ് വായ്‌പ്പാടിസ്ഥാനത്തിൽ ആഴ്‌സണലിൽ എത്തുമെന്നാണ് സൂചനകൾ. എന്നാൽ തങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചില നീക്കങ്ങൾ ഒഴിച്ചാൽ ക്ലബിൽ നിന്നോ ഉടമകളിൽ നിന്നോ വലിയ പ്രതീക്ഷ ഒന്നും വച്ച് പുലർത്തേണ്ട കാര്യമില്ല എന്ന് വിശ്വസിക്കുന്നവരാണ്‌ ആഴ്‌സണൽ ആരാധകരിൽ ഭൂരിപക്ഷവും.

Advertisement