ആഴ്സണൽ ഉയർത്തെഴുന്നേറ്റു, ബോക്സിങ് ഡേയിൽ ചെൽസി ഇടികൊണ്ടു വീണു

20201227 004413
credit: Twitter

എല്ലാവരും എഴുതി തള്ളിയിരുന്ന ആഴ്സണൽ ലണ്ടൺ ഡാർബിയിൽ ഉയർത്തെഴുന്നേറ്റു. ബോക്സിംഗ് ഡേയിൽ നടന്ന വലിയ പോരാട്ടത്തിൽ ചെൽസിയെ തകർത്തെറിയാൻ തന്നെ അർട്ടേറ്റയ്ക്കും ആഴ്സണലിന്റെ യുവനിരക്കും ആയി. ഒബാമയങ്ങും ഗബ്രിയേലും ഒന്നും ഇല്ലാതിരുന്നിട്ടും ചെൽസി കോടികൾ കൊടുത്ത് ഒരുക്കിയ ടീമിനെ ആഴ്സണൽ വരിഞ്ഞു കെട്ടി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ആഴ്സണലിന്റെ വിജയം.

അവസാന ഏഴു ലീഗ് മത്സരത്തിലും വിജയിക്കാൻ കഴിയാതിരുന്ന ആഴ്സണൽ ഇന്ന് ഫ്രണ്ട് ഫൂട്ടിൽ തന്നെയാണ് കളി തുടങ്ങിയത്. തുടർച്ചയായി ആക്രമണങ്ങളുമായി ചെൽസി ഡിഫൻസിനെ ശല്യപ്പെടുത്തിയ ആഴ്സണൽ 33ആം മിനുട്ടിൽ ഒരു പെനാൾട്ടി സ്വന്തമാക്കി. ടിയേർനിയെ റീസ് ജെയിംസ് വീഴ്ത്തിയതിന് ആയിരുന്നു പെനാൾട്ടി ലഭിച്ചത്. ലകാസെറ്റ് ആ പെനാൾട്ടി എളുപ്പത്തിൽ വലയിൽ എത്തിച്ചു. രണ്ടാം ഗോളായിരുന്നു ഏറ്റവും മനോഹരമായ ഗോൾ. 44ആം മിനുട്ടിൽ ജാക്കയുടെ ഒരു ഇടം കാലൻ കേർൽഡ് ഫ്രീകിക്ക് ആണ് മെൻഡിയെ കീഴ്പ്പെടുത്തി വലയിൽ എത്തിയത്‌.

രണ്ടാം പകുതിയിൽ വെർനറിനെയും കൊവാചിചിനെയും പിൻവലിച്ച് മാറ്റങ്ങൾ വരുത്താൻ ചെൽസി ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. 56ആം മിനുട്ടിൽ ആഴ്സണൽ വീണ്ടും വലകുലുക്കി. ഇത്തവണ യുവതാരം ബകായീ സാകയുടെ വക ആയിരുന്നു ഗോൾ. സാകയുടെ ക്രോസ് ലക്ഷ്യം മാറി വലയിൽ എത്തുക ആയിരുന്നു‌. മത്സരത്തിൽ ഒരു ഷോട്ട് ടാർഗറ്റിലേക്ക് അടിക്കാൻ പോലും ചെൽസി വിഷമിച്ചു. 87ആം മിനുട്ടിൽ ടാമി അബ്രഹാമിലൂടെ ഒരു ഗോൾ മടക്കാൻ ചെൽസിക്ക് ആയി. ഇത് കളിയിലേക്ക് തിരികെ വരാൻ ചെൽസിയെ സഹായിച്ചു.

90ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ചെൽസിക്ക് ആഴ്സണലിനെ സമ്മർദ്ദത്തിലാക്കാൻ അവസരം ഒരുങ്ങി. പക്ഷെ പെനാൾട്ടി എടുത്ത ജോർഗീഞ്ഞോയ്ക്ക് പിഴച്ചതോടെ ചെൽസിയുടെ പരാജയം ഉറപ്പായി. ഈ പരാജയം ചെൽസിയെ ആറാം സ്ഥാനത്ത് തന്നെ നിർത്തുകയാണ്. ആഴ്സണൽ 17 പോയിന്റുമായി 14ആം സ്ഥാനത്ത് നിൽക്കുകയാണ്. ഈ വിജയം ആഴ്സണലിന് ആത്മവിശ്വാസം തിരികെ നൽകും എന്നാണ് ആഴ്സണൽ ആരാധകർ പ്രതീക്ഷിക്കുന്നത്.

Previous articleപത്തു പേരുമായി കളിച്ച് ക്രിസ്റ്റൽ പാലസിനെ തകർത്ത് ആസ്റ്റൺ വില്ല
Next articleഇന്ന് ജയിച്ചേ പറ്റു, കേരള ബ്ലാസ്റ്റേഴ്സ് ഹൈദരബാദിന് എതിരെ