ബേൺമൗത്തിനെതിരെ വിജയവുമായി ആഴ്സണൽ; ലീഗിൽ ചെൽസിക്ക് തൊട്ടരികിൽ

- Advertisement -

ബേൺമൗത്തിനെതിരെ അവരുടെ സ്റ്റേഡിയത്തിൽ കീഴടക്കി ആഴ്‌സണൽ പ്രീമിയർ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്തി. പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്ന് സമനിലകൾക്ക് ശേഷമാണ് ഉനൈ എമറിയുടെ ടീം വിജയം കാണുന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ആഴ്‌സണൽ വിജയം കണ്ടത്. വിജയത്തോടെ ലീഗ് പട്ടികയിൽ ആഴ്‌സണലിന് 27 പോയിന്റോടെ ചെൽസിക്ക് തൊട്ടു താഴെ എത്താനായി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ 30 ആം മിനിറ്റിൽ തന്നെ ആഴ്‌സണൽ മുന്നിൽ എത്തി. ബേൺമൗത്തിന്റെ ജെഫേഴ്‌സൻ ലേർമാ നേടിയ സെല്ഫ് ഗോളാണ് ആഴ്‌സണലിന് തുണയായത്. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ജോഷ്വാ കിങ് മികച്ച ഒരു ഗോളിലൂടെ ബേൺമൗത്തിനെ ഓപ്പമെത്തിച്ചു.

1-1 എന്ന നിലയിൽ കളി രണ്ടാം പകുതിയിൽ പുനരംഭിച്ചപ്പോൾ 67ആം മിനിറ്റിൽ ഒബാമയാങ് ആണ് ആഴ്സണലിന്റെ വിജയ ഗോൾ നേടിയത്. ഈ സീസണിൽ 6 എവേ മത്സരങ്ങളിൽ 4 എണ്ണത്തിൽ ഇതുവരെ വിജയിക്കാൻ ആഴ്‌സണലിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിലെ മുഴുവൻ എവേ മത്സരങ്ങൾ കഴിഞ്ഞപ്പോഴും ആകെ നാല് കളികൾ മാത്രമായിരുന്നു വിജയം കണ്ടിരുന്നത്.

Advertisement