ഇംഗ്ലീഷ് പ്രീമിയർ ലീഗ് ലീഗ് പോരാട്ടത്തിൽ ഇന്ന് രണ്ടാമത്തെ ട്വിസ്റ്റ്. ഈ മാച്ച് വീക്ക് തുടങ്ങുന്നതുവരെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ആഴ്സണലിന് ഞെട്ടിക്കുന്ന പരാജയം. ഇന്ന് എമിറേറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയാണ് ആഴ്സണലിനെ പരാജയപ്പെടുത്തിയത്.
കളിയുടെ അവസാന ആറ് മിനിറ്റിൽ പിറന്ന രണ്ടു ഗോളുകളുടെ ബലത്തിൽ 2-0ന്റെ വിജയം ഇന്ന് വില്ല സ്വന്തമാക്കി. ആഴ്സണലിന്റെ മുൻ പരിശീലകൻ കൂടിയായ ഉനായ് എമേരിയാണ് വില്ലയെ പരിശീലിപ്പിക്കുന്നത്. കിരീട പോരാട്ടത്തിനുള്ള ലിവർപൂൾ ക്രിസ്റ്റൽ പാലസിനോട് ഇന്ന് പരാജയപ്പെട്ടിരുന്നു. ഈ രണ്ടു പരാജയങ്ങളും മാഞ്ചസ്റ്റർ സിറ്റിക്കാണ് സഹായമാകുന്നത്.
ഇന്ന് മത്സരത്തിന്റെ ആദ്യ 84 മിനിറ്റിലും ഗോളൊന്നും വന്നിരുന്നില്ല. 84ആം മിനിട്ടിൽ ബെയിലിയിലൂടെ ആസ്റ്റൺ വില്ല ആഴ്സണലിനെ ഞെട്ടിച്ചുകൊണ്ട് ലീഡ് നേടി. പെട്ടെന്ന് തിരിച്ചടിക്കാൻ നോക്കിയ ആഴ്സണൽ 86ആം മിനിറ്റിൽ രണ്ടാം ഗോളും വഴങ്ങി. വാറ്റ്കിൻസ് ആയിരുന്നു രണ്ടാം ഗോൾ നേടിയത്.
ഈ പരാജയത്തോടെ 32 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആഴ്സണൽ 71പോയിന്റുമായി രണ്ടാമത് നിൽക്കുകയാണ്. 71 പോയിന്റ് തന്നെയുള്ള ലിവർപൂൾ മൂന്നാം സ്ഥാനത്തും നിൽക്കുന്നു 73 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി ഒന്നാംസ്ഥാനത്ത് നിൽക്കുന്നു. ഇനി ലീഗിൽ ആകെ 6 മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്