പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ നിർണായക വിജയവുമായി ആഴ്സണൽ. ഇന്ന് ചിരവൈരികളായ ടോട്ടനത്തെ നേരിട്ട ആഴ്സണൽ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയം നേടി. അതും ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചായിരുന്നു ആഴ്സണലിന്റെ വിജയം. ഇതോടെ ലീഗിൽ ഇനി മൂന്നു മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ 80 പോയിന്റുമായി ലീഗിൽ ഒന്നാമത് തുടരുകയാണ് ആഴ്സണൽ.
35 മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് മേൽ 4 പോയിന്റിന്റെ ലീഡ് ആഴ്സണലിന് ഉണ്ട്. 33 മത്സരങ്ങൾ മാത്രം കളിച്ച സിറ്റിക്ക് 76 പോയിന്റാണ് ഉള്ളത്. ഇന്ന് ആദ്യപകുതിയിൽ തന്നെ മൂന്ന് ഗോളുകളുടെ വ്യക്തമായ ലീഡ് നേടാൻ ആഴ്സണലിനായി. കളിയുടെ പതിനഞ്ചാം മിനിറ്റിൽ ഒരു സെൽഫ് ഗോളിൽ ആയിരുന്നു ആഴ്സണൽ ലീഡ് എടുത്തത്. പിന്നീട് ഒരു കൗണ്ടർ അറ്റാക്കിലൂടെ ബുകായോ സാക ലീഡ് ഇരട്ടിയാക്കി.
38ആം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് ഹവേർട്സ് കൂടെ ഗോൾ നേടിയതോടെ 3-0ന്റെ ലീഡിൽ ആഴ്സണൽ ആദ്യപകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ 64ആ. മിനിറ്റിൽ റൊമേരോ ഒരു ഗോൾ തിരിച്ചടിച്ചു. 87ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ സോൺ രണ്ടാം ഗോളും നേടി. സ്കോർ 3-2. അവർ പൊരുതി നോക്കി പരാജയം ഒഴിവാക്കാൻ എങ്കിലും അത് മതിയായില്ല.
ആഴ്സണലിന്റെ കിരീട പോരാട്ടത്തിൽ വിജയം നിർണായകമാണ്. അതുപോലെതന്നെ ഈ പരാജയം സ്പർസിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയുമാണ്. അവർ ഇപ്പോൾ 33 മത്സരങ്ങളിൽ 60 പോയിന്റുമായി ലീഗ് അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. 67 പോയിന്റുമായി നാലാമതുള്ള ആസ്റ്റൺ വില്ലയുമായി 7 പോയിന്റിന്റെ വ്യത്യാസം ഇപ്പോൾ സ്പർസിനുണ്ട്.