ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നാമത്. ഏറെ കാലമായി ഒന്നാം സ്ഥാനത്ത് ഇരിക്കുകയായിരുന്ന ആഴ്സണലിനെ അവരുടെ ഹോം ഗ്രൗണ്ടിൽ 3-1ന് പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്ത് നീണ്ടകാലത്തിനു ശേഷം തിരികെയെത്തിയത്. ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഇരു ടീമുകളും വിജയത്തിനായി മാത്രം കളിക്കുന്ന ഒരു മത്സരമായിരുന്നു കാണാൻ ആയത്.
ഇന്ന് കളി ആഴ്സണൽ നന്നായി തുടങ്ങി എങ്കിലും 24ആം മിനുറ്റിൽ അവരുടെ ഡിഫൻഡർ തമിയാസുവിന്റെ ഒരു അബദ്ധം അവരെ ഒരു ഗോളിന് പിറകിലാക്കി. ഒരു ബാക്ക് പാസ് കൈക്കലാക്കിയ ഡിബ്രുയിനെ ഫസ്റ്റ് ടച്ച് ഷോട്ടിലൂടെ മാഞ്ചസ്റ്റർ സിറ്റിയെ മുന്നിൽ എത്തിക്കുക ആയിരുന്നു. ഈ ഗോളിന് ശേഷം വേഗത കുറയാതെ കളിച്ച ആഴ്സണലിന് 42ആം മിനുട്ടിൽ ഒരു പെനാൾട്ടി കിട്ടി. പെനാൾട്ടി സാക ലക്ഷ്യത്തിൽ എത്തിച്ചതോടെ സ്കോർ 1-1.
മാഞ്ചസ്റ്റർ സിറ്റി റോഡ്രിയുടെ ഒരു ഹെഡറിലൂടെ രണ്ടാം ഗോളിന് അടുത്ത് എത്തി എങ്കിലും ഗോൾ പോസ്റ്റ് ആഴ്സണലിനെ രക്ഷിച്ചു. രണ്ടാം പകുതിയിൽ എർലിംഗ് ഹാളണ്ടിനെ വീഴ്ത്തിയതിന് മാഞ്ചസ്റ്റർ സിറ്റിക്കും ഒരു പെനാൾട്ടി ലഭിച്ചു. അത് വാർ പരിശോധനയിൽ ഓഫ്സൈഡ് ആണെന്ന് തെളിഞ്ഞതും ആഴ്സണലിന് ആശ്വാസമായി.
പക്ഷെ ആശ്വാസങ്ങൾ നീണ്ടു നിന്നില്ല. 72ആം മിനുട്ടിൽ ഗ്രീലിഷിന്റെ ഗോൾ മാഞ്ചസ്റ്റർ സിറ്റിക്ക് ലീഡ് തിരികെ നൽകി. 2-1ന് സിറ്റി മുന്നിൽ. മാറ്റങ്ങൾ വരുത്തി കളിയിലേക്ക് തിരികെവരാൻ ആഴ്സണൽ ആലോചിക്കുന്നതിന് ഇടയിൽ എർലിംഗ് ഹാളണ്ടിലൂടെ സിറ്റിയുടെ മൂന്നാം ഗോൾ വന്നു. ഡി ബ്രുയിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഹാളണ്ടിന്റെ ഗോൾ. താരത്തിന്റെ പ്രീമിയർ ലീഗ് സീസണിലെ 26ആം ഗോൾ. ഈ ഗോൾ സിറ്റിയുയ്യെ വിജയവും ഒന്നാം സ്ഥാനവും ഉറപ്പിച്ചു.
23 മത്സരങ്ങളിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് 51 പോയിന്റാണ് ഉള്ളത്. ഒരു മത്സരം കുറവ് കളിച്ച ആഴ്സണലിനും 51 പോയിന്റ് ഉണ്ട്. ഗോൾ ഡിഫറൻസിലാണ് സിറ്റി ഇപ്പോൾ ഒന്നാമത് നിൽക്കുന്നത്.