ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന മത്സരം ജയത്തോടെ അവസാനിപ്പിച്ച് ആഴ്സണൽ. ബേൺലിയെ അവരുടെ മൈതാനത്ത് 1-3 ന് മറികടന്നാണ് ആഴ്സണൽ ജയം സ്വന്തമാക്കിയത്. ഇതോടെ ലീഗിൽ നാലാം സ്ഥാനക്കാരായ സ്പർസിന് 1 പോയിന്റ് പിറകിൽ 70 പോയിന്റുമായി അവർ അഞ്ചാം സ്ഥാനത്താണ്.
വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഗോളുകൾ പിറന്നത്. 52 ആം മിനുട്ടിൽ ഒബാമയാങ് ആണ് ഗണ്ണേഴ്‌സിനെ മുന്നിൽ എത്തിച്ചത്. പത്ത് മിനുറ്റുകൾക് ശേഷം ഒബാമയാങ് തന്നെ ആഴ്സണലിന്റെ ലീഡ് രണ്ടായി ഉയർത്തി. പക്ഷെ 2 മിനുറ്റുകൾക് ശേഷം ആഷ്‌ലി ബാർന്സ് ബേൺലിയുടെ മറുപടി ഗോൾ നേടി. പക്ഷെ ഇഞ്ചുറി ടൈമിന്റെ അവസാന മിനുട്ടിൽ യുവ താരം എദ്വാർഡ് എങ്കേതിയ ഗണ്ണേഴ്‌സിന്റെ മൂന്നാം ഗോളും നേടി മത്സരം പൂർത്തിയാക്കി.
ഉനൈ എമറിയുടെ ആദ്യ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനാവാതെ പോയി എന്നത് നിരാശ ആണെങ്കിലും യൂറോപ്പ ലീഗ് ഫൈനലിൽ ചെൽസിയെ മറികടന്ന് ചാമ്പ്യൻസ് ലീഗ് സ്പോട്ട് ഉറപ്പിക്കാനാകും അവരുടെ ശ്രമം.