ഇറ്റാലിയൻ പരിശീലകൻ കാർലോ ആഞ്ചലോട്ടി പ്രീമിയർ ലീഗിലേക്ക് വീണ്ടു മെത്തി. എവർട്ടൺ ക്ലബിലേക്കുള്ള ആഞ്ചലോട്ടിയുടെ വരവ് ഔദ്യോഗികമായി ക്ലബ് ഇന്ന് പ്രഖ്യാപിച്ചു. മാർക്കോ സിൽവയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയ ഒഴിവിലേക്കാണ് എവർട്ടൺ ആഞ്ചലോട്ടിയെ എത്തിക്കുന്നത്. നാപോളിയുടെ പരിശീലക സ്ഥാനം രണ്ടാഴ്ച മുമ്പ് ഒഴിഞ്ഞ ആഞ്ചലോട്ടി എവർട്ടന്റെ അടുത്ത മത്സരം മുതൽ ക്ലബിന്റെ നിയന്ത്രണം ഏറ്റെടുക്കും. ഇന്ന് നടക്കുന്ന എവർട്ടൺ മത്സരത്തിൽ ഡുങ്കൺ ഫെർഗൂസൻ തന്നെയാകും പരിശീലകനായുണ്ടാവുക.
മുമ്പ് യുവന്റസ്, മിലാൻ, ചെൽസി, പി എസ് ജി, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിച്, എന്നീ ക്ലബുകളുടെ പരിശീലകനായിട്ടുണ്ട് ആഞ്ചലോട്ടി. പ്രീമിയർ ലീഗിൽ ചെൽസിയുടെ കൂടെ പ്രീമിയർ ലീഗും, എഫ് എ കപ്പും, കമ്മ്യൂണിറ്റി ഷീൽഡും നേടിയിട്ടുള്ള പരിശീലകനാണ് ആഞ്ചലോട്ടി. മികച്ച സ്ക്വാഡ് ഉണ്ടായിട്ടും കഷ്ടപ്പെടുന്ന എവർട്ടണെ രക്ഷിക്കാൻ ആഞ്ചലോട്ടിക്ക് ആകുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നുണ്ട്. നാലര വർഷത്തെ കരാർ ആണ് ആഞ്ചലോട്ടി ഇന്ന് ഒപ്പുവെച്ചത്. മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുള്ള കോച്ചാണ് ആഞ്ചലോട്ടി.