അഗ്യൂറോ ഗാർഡിയോള സൗന്ദര്യപിണക്കം?

ഏതു വലിയ താരമായാലും തനിക്ക് മേലെ വളരാൻ ആരെയും അനുവദിക്കാറില്ല എന്ന സ്വഭാവത്തിന് ഉടമയാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ്പ് ഗാർഡിയോള. അതിനാൽ തന്നെ ഇന്നത്തെ സിറ്റി ടോട്ടനം മത്സരത്തിനിടെ ഉണ്ടായ ഗാർഡിയോള അഗ്യൂറോ വാക്ക് പൊരിന്റെ ഭാവി എന്താകും എന്ന ചോദ്യം ഫുട്‌ബോൾ ആരാധകർക്ക് ഇടയിൽ സജീവമാകുകയാണ്. കഴിഞ്ഞ മത്സരത്തിൽ ഹാട്രിക് പൂർത്തിയാക്കാൻ പെനാൽട്ടി അവസരം ചോദിച്ച റഹീം സ്റ്റെർലിങിന് അത് നിഷേധിച്ച അഗ്യൂറോ ഗോളടിക്കുക എന്ന തന്റെ സ്വാർത്ഥത ശരിക്കും വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ ഡേവിഡ് സിൽവയുടെ അഭാവത്തിൽ സീനിയർ ആയ അഗ്യൂറോയെ മാറ്റി കെവിൻ ഡു ബ്രെയിൻ ടോട്ടനതത്തിനെതിരെ ക്യാപ്റ്റൻ ആയി വന്നതും ശ്രദ്ധിക്കേണ്ട വസ്തുത ആണ്.

എന്നാൽ മത്സരത്തിൽ എത്തിഹാദിൽ തന്റെ 97 മത്തെ പ്രീമിയർ ലീഗ് ഗോൾ കണ്ടത്തിയ അഗ്യൂറോ തനിക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നു കളത്തിൽ കാണിച്ചു. ഈ ഗോളോടെ ഒരു മൈതാനത്ത് നേടുന്ന പ്രീമിയർ ലീഗ് ഗോളുകളുറെ എണ്ണത്തിൽ അലൻ ഷിയേറിനൊപ്പം എത്താനും അഗ്യൂറോക്ക് ആയി. മത്സരത്തിന്റെ രണ്ടാം പകുതിയിൽ മത്സരം സമനിലയിൽ നിൽക്കുന്ന സമയത്ത് തന്നെ പിൻവലിച്ചു ഗബ്രിയേൽ ജീസസിനെ കൊണ്ടു വരാനുള്ള ശ്രമം ആണ് അഗ്യൂറോയെ ചൊടിപ്പിച്ചത്. തനിക്ക് നേരെ കൈനീട്ടിയ കെവിൻ ഡു ബ്രെയിന്റെ കൈ തട്ടി മാറ്റി കളം വിട്ട അഗ്യൂറോ രൂക്ഷമായാണ് ഗാർഡിയോളയോട് പ്രതികരിച്ചത്. അഗ്യൂറോയുടെ വലിപ്പമൊന്നും വകാവക്കാത്ത ഗാർഡിയോളയും വിട്ട്കൊടുക്കാൻ ഒരുക്കമല്ലാതിരുന്നപ്പോൾ ഇരുവരും തമ്മിലുള്ള വാക്ക് തർക്കം മൂർഛിക്കുന്നതും കാണാൻ ആയി.

യുവതാരം ജീസസ് തന്റെ അവസരങ്ങൾ കളയുമോ എന്ന ആശങ്കയോ അല്ലെങ്കിൽ നിർണായകസമയത്ത് തന്റെ സാന്നിധ്യം കളത്തിൽ നിർണായകമാണ് എന്ന ചിന്തയോ ആവാം അഗ്യൂറോയെ ഈ പ്രതികരണത്തിന് പ്രേരിപ്പിച്ചത്. മൽസരത്തിൽ തുടർന്ന് ജീസസിന്റെ അനുവദിക്കപ്പെടാതിരുന്ന ഗോൾ ആഘോഷത്തിനിടെ ആലിംഗനം ചെയ്തു നിൽക്കുന്ന ഗാർഡിയോളയും അഗ്യൂറോയും തങ്ങൾക്കിടയിലെ മഞ്ഞ്‌ ഉരുകുന്നതിന്റെ സൂചന നൽകിയെങ്കിലും ഈ കഥക്ക് ഇനിയുമൊരു തുടർച്ച ഉണ്ടായെക്കുമോ എന്ന ചോദ്യമാണ് ആരാധകർക്ക് ഇടയിൽ ഉടലെടുക്കുന്നത്. ഇതൊക്കെ സാധാരണമാണ് എന്ന നിലയിൽ തള്ളിക്കളയാമോ അല്ല ഇതിനൊരു തുടർച്ച കാണുമോ എന്നു കണ്ട് തന്നെ അറിയാം.