50 മില്യൺ കൊണ്ട് ഗുണം ഉണ്ടായില്ല, വാൻ ബിസാകയെ വിൽക്കാൻ ഒരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

Bissaka

ക്രിസ്റ്റൽ പാലസിന് 50 മില്യൺ പൗണ്ടോളം നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയ വാൻ ബിസാകയെ യുണൈറ്റഡ് ഇപ്പോൾ വിൽക്കാൻ ഉദ്ദേശിക്കുകയാണ്. താരത്തിനായി യുണൈറ്റഡ് ഓഫറുകൾ ക്ഷണിക്കുന്നതായാണ് മാഞ്ചസ്റ്റർ യുണൈറ്റഡുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ സീസണിലെ ദയനീയ പ്രകടനം തന്നെയാണ് വാൻ ബിസാകയ്ക്ക് ഈ ടീമിൽ ഭാവിയില്ല എന്ന് ക്ലബ് തീരുമാനിക്കാൻ കാരണം.

അറ്റാക്കിങ് ഫുൾബാക്കുകളുടെ കാലത്ത് ഇത്രയും ഡിഫൻസീവ് ആയ ഒരു ഫുൾബാക്കിന് ലീഗിലെ പ്രധാന ക്ലബുകളിൽ ഒന്നിൽ കളിക്കുക എളുപ്പമാകില്ല എന്ന് നേരത്തെ തന്നെ പ്രവചനം ഉണ്ടായിരുന്നു. ഒലെയുടെ കീഴിൽ ബിസാക ആയിരുന്നു യുണൈറ്റഡിന്റെ ഒന്നാം റൈറ്റ് ബാക്ക്. എന്നാൽ ഒലെ പോയതോടെ ഡാലോട്ട് റൈറ്റ് ബാക്കിൽ ഒന്നാമത് എത്തി. അറ്റാക്കിംഗ് സൈഡിൽ ഒരു ഉപകാരവും ഇല്ലാത്തത് ബിസാകയെ ആരാധകരിൽ നിന്നും അകറ്റി. താരത്തെ വിറ്റ് പുതിയ റൈറ്റ് ബാക്കിനെ എത്തിക്കാനാണ് ക്ലബ് ഇപ്പോൾ ശ്രമിക്കുന്നത്.