ഹാളണ്ടിന് പകരം കരീം അദെയെമി ഡോർട്മുണ്ടിനായി ഇനി ഗോളടിക്കും

ജർമ്മൻ സെൻസേഷൻ കരീം അദെയെമി ബൊറൂസിയ ഡോർട്മുണ്ടിൽ ഇന്ന് കരാർ ഒപ്പുവെക്കും. യുവതാരം ഇന്ന് മെഡിക്കൽ പൂർത്തിയാക്കും എന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. സാൽസ്ബർഗിൽ നിന്ന് 38 മില്യൺ യൂറോക്ക് ആകും കരീം ഡോർട്മുണ്ടിലേക്ക് എത്തുന്നത്. ഫോർവേഡായ താരം 2027വരെയുള്ള കരാറാകും ക്ലബിൽ ഒപ്പുവെക്കുക. ഡോർട്മുണ്ടിന്റെ സ്ട്രൈക്കറായ ഹാളണ്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകും എന്ന് ഉറപ്പായതോടെയാണ് കരീമിനെ ഡോർട്മുണ്ട് ടീമിലേക്ക് എത്തിക്കുന്നത്.

യൂറോപ്പിലെ വമ്പൻ ക്ലബുകൾ എല്ലാം രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ഡോർട്മുണ്ട് ഈ ട്രാൻസ്ഫർ പോരിൽ വിജയിക്കുകയായിരുന്നു. 20കാരനായ താരം പ്രീസീസൺ മുതൽ ഡോർട്മുണ്ടിനൊപ്പം ചേരും. താരം അടുത്തിടെ ജർമ്മൻ ദേശീയ ടീമിനായും അരങ്ങേറ്റം നടത്തിയിരുന്നു. മൂന്ന് മത്സരങ്ങൾ ജർമ്മനിക്കായി കളിച്ച താരം ഇതിനകം ഒരു ഗോളും ജർമ്മനിക്കായി നേടിയിട്ടുണ്ട്. താരം സാൽസ്ബർഗിന് വേണ്ടി ഗോളടിച്ച് കൂട്ടുന്നുണ്ട്. ലൈഫെറങിന് വേണ്ടി നേരത്തെ താരം ലോണിലും കളിച്ചിരുന്നു. സാൽബർഗിനായി ഇരുപതോളം ഗോളുകൾ ഇതിനകം തന്നെ താരം അടിച്ചിട്ടുണ്ട്. ജർമ്മനിക്ക് ഒപ്പം താരം ഈ വർഷം അണ്ടർ 21 യൂറോ കിരീടവും നേടിയിട്ടുണ്ട്.