പ്രീമിയർ ലീഗിൽ എവർട്ടന് ആവേശ ജയം. വാറ്റ്ഫോഡിനെ 2-3 നാണ് അവർ മറികടന്നത്. 2 ഗോളുകൾക്ക് പിറകിൽ നിന്ന ശേഷമാണ് എവർട്ടൻ വൻ തിരിച്ചു വരവിലൂടെ 3 പോയിന്റ് സ്വന്തമാക്കിയത്. 2 ഗോളുകൾ നേടി എവർട്ടന്റെ തിരിച്ചുവരവിന് തുടക്കമിട്ട യേരി മിന നടത്തിയ അവിസ്മരണീയ പ്രകടനമാണ് കാർലോ അഞ്ചലോട്ടിയുടെ ടീമിന്റെ ജയത്തിൽ നിർണായകമായത്.
സ്വപ്നതുല്യമയ തുടക്കമാണ് വാറ്റ്ഫോഡ് സ്വന്തം ആരാധകർക്ക് മുൻപിൽ നേടിയത്. ആദ്യ പത്ത് മിനുട്ടിൽ മസിനിയുടെ ഗോളിൽ ലീഡ് നേടിയ അവർ പിന്നീട് 42 ആം മിനുട്ടിൽ ലീഡ് രണ്ടാക്കി. റോബർട്ടോ പെരേരയാണ് ഗോൾ നേടിയത്. ആദ്യ പകുതി ശക്തമായ നിലയിൽ അവസാനിപ്പിക്കാം എന്ന അവരുടെ ആഗ്രഹത്തെ എവർട്ടൻ ഡിഫൻഡർ യേരി മിന ഇഞ്ചുറി ടൈമിൽ തകർത്തു. 3 മിനുട്ടുകൾക്ക് ഉള്ളിൽ 2 തവണയാണ് മിന വാറ്റ്ഫോഡ് വല കുലുക്കിയത്. അങ്ങനെ ആദ്യ പകുതിക്ക് പിരിഞ്ഞപ്പോൾ സ്കോർ 2-2 !
രണ്ടാം പകുതിയിൽ വീണ്ടും എവർട്ടന് തിരിച്ചടി കിട്ടി. ഇത്തവണ അനാവശ്യ ഫൗളിന് മുതിർന്ന ഫാബിയൻ ഡെൽഫ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതോടെ അവസാന ഇരുപത് മിനുട്ട് 10 പേരുമായി കളികേണ്ട ഗതികേടിലായി അവർ. പക്ഷെ കളിയുടെ അവസാന മിനുട്ടിൽ മോയിസ് കീനിന്റെ അസിസ്റ്റിൽ പന്ത് വലയിലാക്കി തിയോ വാൽകോട്ട് അവരുടെ എല്ലാ അധ്വാനത്തിനും 3 പോയിന്റ് ഫലം കണ്ടെത്തി. നിലവിൽ 33 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് എവർട്ടൻ. 23 പോയിന്റുള്ള വാറ്റ്ഫോഡ് 19 ആം സ്ഥാനത്തും.