റൊണാൾഡോയുടെ ഇരട്ട ഗോളുകൾ കണ്ട മത്സരത്തിൽ, പോർച്ചുഗൽ റൊബോർട്ടോ മാർട്ടിനസിന്റെ കീഴിലെ യുഗത്തിന് മികച്ച തുടക്കം കുറിച്ചു. ഇന്ന് യൂറോ യോഗ്യത റൗണ്ടിൽ ലിചിൻസ്റ്റെനെ നേരിട്ട പോർച്ചുഗൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. നിരവധി അവസരങ്ങൾ സൃഷ്ടിക്കപ്പെട്ട മത്സരത്തിൽ നാലു ഗോൾ മാത്രമെ സ്കോർ ചെയ്യാനായുള്ളൂ എന്ന നിരാശ മാത്രമെ പോർച്ചുഗലിന് ഇന്ന് കാണുകയുള്ളൂ.
ഇന്ന് ആദ്യ പകുതിയിൽ കാൻസെലോ നേടിയ ഒരു ഗോളിന് പോർച്ചുഗൽ മുന്നിൽ നിന്നു. രണ്ടാം പകുതിയുടെ തുടക്കം മുതൽ ഗോളുകൾ ഒഴുകാബ് തുടങ്ങി. 47ആം മിനുട്ടിൽ ബെർണാഡൊ സിൽവയിലൂടെ പോർച്ചുഗൽ ലീഡ് ഇരട്ടിയാക്കി. 51ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടിയിൽ നിന്നായിരുന്നു റൊണാൾഡോയുടെ ആദ്യ ഗോൾ. 63ആം മിനുട്ടിൽ ഒരു ഫ്രീകിക്കിലൂടെ റൊണാൾഡോ തന്റെ രണ്ടാം ഗോളും ടീമിന്റെ നാലാം ഗോളും നേടി.
ഇന്നത്തെ ഗോളുകളോടെ റൊണാൾഡോ പോർച്ചുഗലിനായുള്ള തന്റെ ഗോളുകളുടെ എണ്ണം 120 ആക്കി ഉയർത്തി. ഇന്നത്തെ മത്സരം റൊണാൾഡോയുടെ 197ആം അന്താരാഷ്ട്ര മത്സരമായിരുന്നു. റൊണാൾഡോ ഇതോടെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരം കളിച്ച താരമായും മാറി. ഇനി മാർച്ച് 26ന് പോർച്ചുഗൽ ലക്സംബർഗിനെ നേരിടും.