അഖിലേന്ത്യാ പോലീസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനായി മലപ്പുറം ഒരുങ്ങുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

67ആമത് അഖിലേന്ത്യാ പോലീസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനായി മലപ്പുറം ഒരുങ്ങുന്നു. ഇന്ത്യയിൽ എല്ലാ സംസ്ഥാന പോലീസ് ടീമുകളെയും, ടെറിറ്റോറി പോലീസിനേയും, കേന്ദ്ര പോലീസ് സേനയും ഉൾപ്പെടുത്തി ഒരു വൻ ഫുട്ബോൾ ടൂർണമെന്റ് തന്നെയാകും ഇത്തവണ നടക്കുക. മലപ്പുറത്ത് നാലു വേദികളിലായാണ് മത്സരം നടക്കുക. ജനുവരി 28ന് ആരംഭിക്കുന്ന ടൂർണമെന്റ് ഫെബ്രുവരി 7വരെ നീണ്ടു നിക്കും.

37 പോലീസ് ടീമുകൾ ആകും കിരീടത്തിനായി മാറ്റുരയ്ക്കുക. 8 ഗ്രൂപ്പുകളിലായി തിരിച്ചാകും ഈ ടീമുകൾ പോരാടുക. ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് രണ്ട് ടീമുകൾ വീതം നോക്കൗട്ടിലേക്ക് യോഗ്യത നേടും. തുടർന്ന് നോക്കൗട്ട് റൗണ്ടുകളിലൊടെ കിരീട ജേതാക്കളെ കണ്ടെത്തുകയും ചെയ്യും. ചരിത്രത്തിൽ ആദ്യമായാണ് മലപ്പുറം അഖിലേന്ത്യാ പോലീസ് ടൂർണമെന്റിന് വേദിയാകുന്നത്. മുമ്പ് കേരളത്തിൽ പോലീസ് ടൂർണമെന്റ് എത്തിയപ്പോൾ ഒക്കെ തിരുവനന്തപുരം ആയിരുന്നു വേദി. മലപ്പുറത്തിന്റെ ഫുട്ബോൾ സ്നേഹം ആണ് ഈ ടൂർണമെന്റ് മലപ്പുറത്തിലേക്ക് എത്താൻ കാരണം എന്ന് ഫുട്ബോൾ ഇതിഹാസവും ടൂർണമെന്റ് ജോയന്റ് ഓർഗനൈസേഷൻ സെക്രട്ടറിയുമായ യു ഷറഫലി പറഞ്ഞു.

കോട്ടപ്പടി മൈതാനം, നിലമ്പൂർ എം എസ് പി മൈതാനം, പാണ്ടിക്കാട് ഗ്രൗണ്ട്, ക്ലാരി ആർ ആർ ആർ എഫ് ഗ്രൗണ്ട് എന്നീ നാലു വേദികളിൽ ആയാകും മത്സരം നടക്കുക. ജനുവരി 28ന് വൈകുന്നേരം നാലു മണിക്ക് എം എസ് പി പരേഡ് ഗ്രൗണ്ടിൽ വെച്ചാകും ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുക. എയർ മാർഷൽ ശ്രീ മാനവേന്ദർ സിംഗ് ആകും ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥി. ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾ ഇപ്പോൾ തന്നെ മലപ്പുറത്ത് എത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്. എന്നും യു ഷറഫലി പത്രസമ്മേളനത്തിൽ പറഞ്ഞു. ടീമുകൾക്ക് താൽക്കാലികമായി പാണ്ടിക്കാടാണ് താമസ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. നാളെ നടക്കുന്ന ടീം മാനേജർമാരുടെ യോഗത്തിന് ശേഷം ചാമ്പ്യൻഷിപ്പിലെ ഗ്രൂപ്പുകൾ നിർണയിക്കും.

ഫെഡറേഷൻ കപ്പിന് സാക്ഷിയായ ശേഷം മലബാർ തന്നെ ഇത്ര വലിയൊരു ഫുട്ബോൾ ടൂർണമെന്റിന് സാക്ഷ്യം വഹിച്ചിട്ടില്ല. ഫ്ലഡ് ലൈറ്റിൽ നടക്കുന്ന മത്സരങ്ങൾ ആയതിനാൽ കൂടുതൽ ഫുട്ബോൾ പ്രേമികളുടെ പങ്കാളിത്തവും പോലീസ് ചാമ്പ്യൻഷിപ്പിന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കാണികൾ പ്രവേശനം സൗജന്യമാണ്.

ഇതിനുമുമ്പ് ആറു തവണ പോലീസ് ഫുട്ബോൾ കിരീടം ചൂടിയിട്ടുള്ള കേരളവും ടൂർണമെന്റിലെ ഫേവറിറ്റുകളിൽ ഒന്നായി മത്സരിക്കാൻ ഇറങ്ങുന്നുണ്ട്. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ, ഫിറോസ് കളത്തിങ്കൽ, രാഹുൽ, മുഹമ്മദ് മർസൂക്, നിഷാദ്, മെൽബിൻ, അനീഷ്, ജിംഷാദ്, ശ്രീരാഗ്, വിപിൻ തോമസ് തുടങ്ങിയ താരങ്ങൾ കേരളത്തിന്റെ പോലീസ് ടീമിനായി ബൂട്ടു കെട്ടും.