മലപ്പുറം കാണികളുടെ കമ്മന്റുകള്‍ ആസ്വദിച്ച് ഗോളടി വീരന്മാര്‍

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം: മിസോറാം പോലീസ് വമ്പന്‍ സ്‌കോറുകളില്‍ ജയിച്ച് കാണികളുടെ മനം കവരുന്നതോടൊപ്പം മലപ്പുറം കാണികളുടെ തമാശകളും ഇവരെ ഏറെ ആകര്‍ഷിപ്പിച്ചു. മലപ്പുറം കോട്ടപ്പടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഗ്രൗണ്ടിലെ ഓരോ മത്സരങ്ങളും കഴിയുമ്പോഴാണ് കാണികളുടെ തമാശകള്‍ കേട്ടാസ്വദിക്കുന്നത്. ഗുജറാത്തുമായുള്ള കളിക്കിടെ ഗ്യാലറിയില്‍ നിന്നുള്ള ഒരു കാണിയുടെ കമ്മന്റ് കേട്ട് കാഴ്ചക്കാര്‍ ചിരിക്കുമ്പോള്‍ പ്രസ് ബോക്‌സിലിരുന്ന മാനേജര്‍ ഫ്രാന്‍സിസ് എല്‍ റാള്‍ട്ടേക്ക എന്താണെന്ന് ചോദിച്ചു. അഞ്ച് ഗോളിന് പിന്നില്‍ നിന്ന ഗുജറാത്തിനായി പകരക്കാരന്‍ ഇറങ്ങിയപ്പോഴാണ് കമ്മന്റ് പാസാക്കിയത്. ഇറങ്ങിയത് ഗുജറാത്തിന്റെ ഗോളടിയന്ത്രമാണെന്നാണ് കാണികള്‍ പറഞ്ഞതെന്നറിഞ്ഞതോടെ റാള്‍ട്ടേയുടെ ചിരി മിനിറ്റുകളോളം നീണ്ടു.

മലപ്പുറം കാണികള്‍ ഫുട്‌ബോള്‍ ശരിക്കും ആസ്വദിക്കുന്നുണ്ടെന്ന് പിന്നീടുള്ള തമാശകളിലൂടെ റാള്‍ട്ടെ അറിഞ്ഞു. ഐലീഗില്‍ കളിക്കുന്ന എട്ടു താരങ്ങളുമായെത്തിയ മിസോറാം പോലീസ് റിസര്‍വ് താരങ്ങളെയാണ് മൂന്ന് കളികളിലും ഇറക്കിയത്. എന്നിട്ടും രാജസ്ഥാനെ( 9) ഗുജറാത്തിനെ ( 14) മധ്യപ്രദേശിന(10)യും ഗോളില്‍ മുക്കി 33 തവണയാണ് വല ചലിപ്പിച്ചത്. ഐസ്വാള്‍ എഫ്‌സിയുടെ ലാല്‍റിന്‍സ്വാല കിയാങ്‌തെ, ലാല്‍ബിയാക്കുല, മാല്‍സോം ത്‌ലോംങ, ലാല്‍റിംമ്പൂയ, ലാല്‍ബിയാക്താങ്, ഷില്ലോങ് ലജോങ് താരം റൊണാള്‍ഡ് തന്‍സാമ, ചെന്നൈ സിറ്റി എഫ്‌സി താരം മല്‍സോം ഫെല എന്നിവരാണ് ടീമിന്റെ തുരുപ്പു ചീട്ടുകള്‍.

വിശ്രമമില്ലാതെ ഓടി നടക്കുന്ന മിസോറം താരങ്ങളെ കാണികള്‍ക്ക് ഏറെ ഇഷ്ടമായി. അതേസമയം ദുര്‍ബല ടീമുകളോടാണ് ജയം നേടിയതെന്നും കാണികള്‍ക്ക് അറിയാം. നാളെ ആസാം റൈഫിള്‍സുമായുള്ള മത്സരം വിലയിരുത്തിയാലേ ടീമിന്റെ മുന്നോട്ടുള്ള പോക്ക് അറിയാനാവൂ.