റൈറ്റ് ബാക്ക് സ്ഥാനത്തേക്ക് പവാർഡും ബാഴ്‌സയുടെ പരിഗണനയിൽ

20230109 173637

ഫ്രഞ്ച് താരം ബെഞ്ചമിൻ പവാർഡ് ബാഴ്‌സലോണയുടെ പരിഗണനയിൽ. താരത്തെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എത്തിക്കാൻ സ്പാനിഷ് ക്ലബ്ബ് ശ്രമിച്ചേക്കുമെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. താരത്തിന്റെ നിലവിലെ കരാർ 2024 ഓടെ അവസാനിക്കും. എന്നാൽ ബയേൺ വിടാൻ താരം തയ്യാറെടുത്തതായാണ് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

റൈറ്റ് ബാക്ക് സ്ഥാനത്തേക്ക് മികച്ച താരത്തെ എത്തിക്കേണ്ടത് ബാഴ്‌സലോണയുടെ അടിയന്തര പരിഗണനയിൽ ഉള്ള വിഷയമാണ്. നിലവിൽ സെർജി റോബർട്ടോയും ബെല്ലാറിനും മാത്രമാണ് ഈ സ്ഥാനത്ത് ടീമിൽ ഉള്ളത്. ബാൾടേയും ജൂൾസ് കുണ്ടെയും ആണ് പലപ്പോഴും ഈ സ്ഥാനത്ത് സാവി ഇറക്കുന്ന താരങ്ങൾ. ബയേൺ വിടാൻ ആഗ്രഹിക്കുന്ന പവാർഡ് ബാഴ്‌സയുമായി ബന്ധപ്പെട്ടതായി ജർമൻ മാധ്യമമായ കിക്കർ ആണ് വെളിപ്പെടുത്തിയത്. താരത്തിന്റെ താൽപര്യത്തിന് പിറകെ ബാഴ്‌സലോണ മാനേജ്‌മെന്റിനും ഈ കൈമാറ്റത്തിനോട് അനുകൂല നിലപാട് ഉള്ളതായാണ് സൂചനകൾ. ഇരു കൂട്ടരും പ്രാഥമിക ചർച്ചകൾ നടത്തി കഴിഞ്ഞു. എങ്കിലും ഒരു വർഷം കൂടി കരാർ ബാക്കിയുള്ള ഇരുപത്തിയാറുകാരനെ വിട്ടു കിട്ടാൻ എത്ര തുക മുടക്കേണ്ടി വരും എന്നുള്ളതും ബാഴ്‌സക്ക് തലവേദന ആയേക്കും.