ഫുട്ബോൾ ലോകത്തിന് ഏറെ സന്തോഷവും പ്രതീക്ഷയും നൽകുന്ന വാർത്ത കഴിഞ്ഞ ആഴ്ച എത്തിയിരുന്നു. അയാക്സിന്റെ യുവതാരമായിരുന്ന അബ്ദൽഹക് നൗരി കോമയിൽ നിന്ന് എഴുന്നേറ്റിരിക്കുന്നു എന്ന ആ സന്തോഷ വാർത്തയ്ക്ക് പിറകെ ഒരു മോശം വാർത്ത താരത്തിന്റെ കുടുംബത്തെ തേടി എത്തുകയാണ്. നൗരിക്ക് അയാക്സ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ആജീവനാന്ത കരാർ ക്ലബ് റദ്ദാക്കാൻ ഒരുങ്ങുകയാണ്.
നൗരിക്ക് കളിക്കുന്ന സമയത്തുള്ള അതേ കരാർ ആജീവനാന്തമായി നൽകാൻ നേരത്തെ അയാക്സ് തീരുമാനിച്ചിരുന്നു. എന്നാൽ ക്ലബും നൗരിയുടെ കുടുംബവും തമ്മിൽ നേരത്തെ നിയമ പോരാട്ടം ഉണ്ടായിരുന്നു. ഇതാകാം ക്ലബ് ഈ പുതിയ തീരുമാനത്തിലേക്ക് എത്താൻ കാരണം എന്നാണ് കരുതുന്നത്. നൗരിയുടെ ചികിത്സാ ചിലവൊക്കെ അയാക്സ് ആയിരുന്നു വഹിച്ചിരുന്നത്.
രണ്ടു വർഷവും 8 മാസവും നീണ്ട കോമ കാലത്തിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് നൗരി കോകയിൽ നിന്ന് തിരിച്ചു വന്നത്. അയാക്സിനു വേണ്ടി കളിക്കുന്നതിനിടെ രണ്ട് സീസൺ മുമ്പ് പരിക്കേറ്റതായിരുന്നു നൗരിയെ ഫുട്ബോൾ ലോകത്ത് നിന്ന് അകറ്റിയത്. പ്രീ സീസൺ മത്സരത്തിനിടയിൽ ആയിരുന്നു നൗരിക്ക് തലയ്ക്ക് പരിക്കേറ്റത്. മസ്തിഷ്കത്തിനേറ്റ പരിക്കും ഇതിനൊപ്പം ഉണ്ടായ ഹൃദയാഘാതവും താരത്തിന്റെ ആരോഗ്യനില പൂർണ്ണമായും തകർക്കുകയായിരുന്നു. മസ്തിഷ്കത്തിൽ കാര്യമായി പരിക്കേറ്റ താരത്തിന് ഇനി ഫുട്ബോൾ കളിക്കാൻ കഴിയില്ല എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.
അയാക്സ് നൗരിയോടുള്ള ബഹുമാനത്തിന്റെ ഭാഗമായി നൗരിയുടെ ജേഴ്സി ഇനി ആർക്കും നൽകില്ല എന്നൊരു തീരുമാനം എടുത്തിരുന്നു. ഒപ്പം നൗരിക്ക് ആജീവാനന്ത കരാർ നൽകുകയും ചെയ്തിരുന്നു. ആ കരാറാണ് ഇപ്പോൾ അവസാനിക്കാൻ പോകുന്നത്.