നേഷൻസ്‌ ലീഗിൽ സ്വീഡനെ വീഴ്‌ത്തി ആദ്യ ജയം കണ്ടു ക്രൊയേഷ്യ

20201012 014250 01
- Advertisement -

നേഷൻസ്‌ ലീഗിൽ പൂൾ എയിലെ മരണഗ്രൂപ്പ് ആയ ഗ്രൂപ്പ് സിയിൽ തങ്ങളുടെ ആദ്യ ജയം കണ്ടു ക്രൊയേഷ്യ. ലോക ജേതാക്കൾ ആയ ഫ്രാൻസ്, യൂറോപ്യൻ ജേതാക്കൾ ആയ പോർച്ചുഗൽ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പിൽ സ്വീഡനെ വീഴ്‌ത്തി ക്രൊയേഷ്യ ഇന്ന് തങ്ങളുടെ ആദ്യ ജയം കുറിച്ചു. ഇരു ടീമുകളും മികച്ച ഫുട്‌ബോൾ പുറത്ത് എടുത്ത മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ക്രൊയേഷ്യ ജയം കണ്ടത്. മോഡ്രിച്ച് അടക്കമുള്ള പ്രമുഖ താരങ്ങൾ ക്രൊയേഷ്യക്ക് ആയി സ്വീഡന് എതിരെ കളത്തിൽ ഇറങ്ങി.

ആദ്യ പകുതിയിൽ 31 മത്തെ മിനിറ്റിൽ മധ്യനിര താരം വ്ലാസിച്ച് ആണ് ക്രൊയേഷ്യക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ 66 മത്തെ മിനിറ്റിൽ ഫോർസ്ബർഗിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ബെർഗ് സ്വീഡനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. തുടർന്ന് പ്രതിരോധ നിര താരത്തെ മാറ്റി ക്രൊയേഷ്യ മുന്നേറ്റത്തിൽ ക്രാമറിച്ചിനെ കൊണ്ട് വന്നു. ഇതിന്റെ ഫലമായിരുന്നു 84 മത്തെ മിനിറ്റിൽ ക്രാമറിച്ച് നേടിയ വിജയഗോൾ. പെരിസിച്ചിന്റെ പാസിൽ നിന്നായിരുന്നു ക്രാമറിച്ച് ക്രൊയേഷ്യൻ വിജയഗോൾ നേടിയത്. ജയത്തോടെ ഗ്രൂപ്പിൽ അക്കൊണ്ട് തുറക്കാൻ ക്രൊയേഷ്യക്ക് ആയി.

Advertisement