ഗോള്‍ പ്രളയത്തില്‍ ആറാടി മിസോറാം പ്രീക്വാര്‍ട്ടറില്‍, ഗോവയെ അരുണാചല്‍ അട്ടിമറിച്ചു

മലപ്പുറം: 67-ാമത് ബി എന്‍ മല്ലിക് ആള്‍ ഇന്ത്യാ പോലീസ് ഫുട്‌ബോളില്‍ ഗോളുടെ വമ്പന്‍ പ്രളയം തന്നെ സൃഷ്ടിച്ച് മിസോറം പോലീസ് പൂള്‍ഡിയില്‍ നിന്നും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന മൂന്നാം മത്സരത്തില്‍ മറുപടിയില്ലാത്ത പത്തു ഗോളുകള്‍ക്കാണ് മധ്യപ്രദേശിനെ തൂത്തെറിഞ്ഞത്. മൂന്ന് കളികളില്‍ നിന്നും 33 ഗോള്‍ എതിര്‍വലയില്‍ നിറച്ചാണ് അവസാന പതിനാറില്‍ സ്ഥാനം നേടിയത്. മധ്യപ്രദേശിനെതിരെ മിസോറമിന് വേണ്ടി ലാല്‍ ഫക്വാമ നാലു ഗോള്‍ നേടി.

കഴിഞ്ഞ ദിവസം 14 ഗോളുകള്‍ക്ക് ഫുട്‌ബോളിന് അധികം വേരുകളൊന്നുമില്ലാത്ത ഗുജറാത്തിനെയും 9 ഗോളിന് രാജസ്ഥാനേയും തോല്‍പിച്ചിരുന്നു. ഐലീഗ് താരങ്ങളുമായെത്തിയ മിസോറാം പക്ഷെ മൂന്ന് കളികളിലും പ്രധാന താരങ്ങളെ ബെഞ്ചിലിരുത്തിയാണ് കളിച്ചത്. മറുപടിയൊന്നുമില്ലാതെ ഇടവേളക്ക് പിരിയുമ്പോള്‍ തന്നെ എട്ടു ഗോളുകള്‍ നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ അടിച്ചു കൂട്ടിയിരുന്നു. വേഗതയിലും ശാരീരിക ശക്തിയിലും ഏറെ മുന്നിലായ മിസോറമിന് മുന്നില്‍ സ്തംഭതരായി നോക്കി നില്‍ക്കാന്‍ മാത്രമേ താരതമ്യേന ഉയരമുള്ള ഗുജറാത്ത് പോലീസുകാര്‍ക്ക് കഴിഞ്ഞുള്ളൂ.

നാലാം മിനിറ്റില്‍ തന്നെ തുടങ്ങിയ ഗോള്‍ വേട്ട 90 മിനിറ്റ് വരെ തുടര്‍ന്നു. ഫളാറിന്‍ ദോയ, ലാല്‍റാം തറാവിയ,താല്‍തുംദിയ,ലാല്‍സംങ്‌ബേര രണ്ടു ഗോള്‍ വീതവും ലാല്‍ ബിയാക്കുല,ലാല്‍മന്ദ് ലുവാങ്, ലാല്‍തന്ദ് ലുവാങ്, മാല്‍സോങ് ഫെല, ലാല്‍സോങ്‌ലുവാംഗ, ലാല്‍ ബിയാകുല എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. മറ്റു മത്സങ്ങളില്‍ എസ്എസ്ബി ഒന്നിനെതിരെ നാലു ഗോളിന് ചത്തീസ്ഗഡിനേയും തമിഴ്‌നാട് ഒരു ഗോളിന് ഹരിയാനേയും വീഴ്ത്തി. കരുത്തരായ ഗോവ ഇന്നലെ അട്ടിമറി തോല്‍വി ഏറ്റുവാങ്ങി. അരുണാചല്‍ പ്രദേശിനോട് മുന്നിനെതിരെ ഒരു ഗോളിന് പരാജയപ്പെട്ടത്.

Previous articleനോർത്ത് ഈസ്റ്റിനെ വീഴ്ത്തി വമ്പൻ തിരിച്ച് വരവുമായി ബെംഗളൂരു എഫ്‌സി
Next articleനാലാം തവണയും ഉഷാ തൃശ്ശൂരിന് മുന്നിൽ നാണംകെട്ട് റോയൽ ട്രാവൽസ് കോഴിക്കോട്