ഓസ്കാർ മിൻഗുവേസ ബാഴ്സലോണയിൽ തുടരും, പുതിയ കരാർ ഉടൻ

Img 20210428 125530

ബാഴ്സലോണയുടെ യുവ സെന്റർ ബാക്ക് ഓസ്കാർ മിൻഗുവേസ ക്ലബിൽ ഉടൻ കരാർ പുതുക്കും. ഏപ്രിൽ 30ന് താരം പുതിയ കരാർ ഒപ്പുവെക്കും എന്നാണ് ബാഴ്സലോണയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. 2023വരെയുള്ള കരാർ ആകും താരം ഒപ്പുവെക്കുക. കരാർ പുതുക്കാൻ താല്പര്യമുണ്ട് എന്ന് താരം തന്നെ നേരത്തെ ക്ലബിനെ അറിയിച്ചിരുന്നു.

21കാരനായ താരം ഈ സീസണിൽ ബാഴ്സലോണക്ക് വേണ്ടി കളിച്ചപ്പോൾ എല്ലാം മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ബാഴ്സലോണയുടെ യുവ ടീമുകളിലൂടെ വളർന്നു വന്ന താരമാണ് ഓസ്കാർ. ഓസ്കാറിന്റെ കരാർ രണ്ടു വർഷത്തേക്ക് കൂടെ നീട്ടാനുള്ള വ്യവസ്ഥ താരത്തിന്റെ കരാറിൽ ഉണ്ട്. അത് ഉപയോഗിച്ചാകും കരാർ പുതുക്കുന്നത്. പുതിയ കരാറോടെ താരം ഔദ്യോഗികമായി ബാഴ്സലോണ ഫസ്റ്റ് ടീമിന്റെ ഭാഗമാകും. ബാഴ്സലോണയിൽ നിന്ന് ഓസ്കാറിനെ റാഞ്ചാൻ പല സ്പാനിഷ് ക്ലബുകളും ശ്രമിക്കുന്നുണ്ട്. എന്നാൽ ദീർഘകാലം ബാഴ്സലോണയിൽ തുടരാനാണ് താരം ആഗ്രഹിക്കുന്നത്.