ലയണൽ മെസ്സിയുടെ ബാഴ്സലോണയിലേക്കുള്ള തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. ജനപ്രിയ സ്പാനിഷ് ടോക്ക് ഷോയായ എൽ ഹോർമിഗ്യൂറോയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ, എഫ്‌സി ബാഴ്‌സലോണയുടെ യുവ പ്രതിഭ പെഡ്രി കറ്റാലൻ ക്ലബിലേക്ക് ലയണൽ മെസ്സി മടങ്ങിവരുന്നത് കാണാനുള്ള ആഗ്രഹം തുറന്നു പറഞ്ഞു. മെസ്സിയുടെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള തുടർച്ചയായ അഭ്യൂഹങ്ങൾക്കിടയിൽ, പെഡ്രിയുടെ അഭിപ്രായങ്ങൾ അർജന്റീനിയൻ സൂപ്പർതാരത്തിന്റെ തിരിച്ചുവരവിനായി കാംക്ഷിക്കുന്ന ബാഴ്‌സലോണ ആരാധകർക്കിടയിൽ പ്രതീക്ഷ ജ്വലിപ്പിക്കുന്നു.
“ഞാൻ മെസ്സിയെ കുറിച്ച് എല്ലായിടത്തും അഭ്യൂഹങ്ങൾ കാണുന്നു. ലിയോ ബാഴ്സയിലേക്ക് മടങ്ങിവരാൻ ഞാൻ ആഗ്രഹിക്കുന്നു,” അഭിമുഖത്തിനിടെ പെഡ്രി പറഞ്ഞു. “തീർച്ചയായും, ഇത് ക്ലബ്ബിനെയും ലിയോയെയും ആശ്രയിച്ചിരിക്കുന്നു, പക്ഷേ അത് സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” യുവതാരൻ പറഞ്ഞു.
ഈ സീസണിന്റെ അവസാനത്തോടെ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) വിടാനുള്ള മെസിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ബാഴ്സലോണ അഭ്യൂഹങ്ങൾ ഉയരുന്നത്. ഫ്രാൻസിൽ അവസാന രണ്ടു സീസണുകൾ മെസ്സിക്ക് അത്ര നല്ലതായിരുന്നില്ല. പി എസ് ജി ആരാധകരുമായും മെസ്സിക്ക് നല്ല ബന്ധമായിരുന്നില്ല.