തന്റെ ഇന്റർ മയാമിയിലേക്കുള്ള നീക്കം പണത്തിനു വേണ്ടിയല്ല എന്ന് ലയണൽ മെസ്സി. പണത്തിനു വേണ്ടി ആയിരുന്നു എങ്കിൽ താൻ അറേബ്യയിലേക്ക് പോകും ആയിരുന്നു എന്നും മെസ്സി പറഞ്ഞു. മെസ്സിക്ക് മുന്നിൽ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ 500 മില്യൺ യൂറോയുടെ ഓഫർ വെച്ചിരുന്നു. അതുനിരസിച്ചാണ് മെസ്സി ഇന്റർ മയാമിയിലേക്ക് പോകുന്നത്.
“പണത്തിന്റെ കാര്യമായിരുന്നെങ്കിൽ ഞാൻ അറേബ്യയിലേക്കോ മറ്റെവിടെയെങ്കിലുമോ പോകുമായിരുന്നു. എന്റെ തീരുമാനത്തിനു കാരണം വേറെയാണ് എന്നതാണ് സത്യം, പണം കാരണമല്ല.” മെസ്സി കൂട്ടിച്ചേർത്തു. മെസ്സിക്ക് ഇന്റർ മയാമിയിൽ ലാഭവിഹിതം കിട്ടുന്ന തരത്തിലുള്ള കരാർ ആകും ഇന്റർ മയാമി നൽകുക എന്നാണ് റിപ്പോർട്ട്.
“എനിക്ക് മറ്റൊരു യൂറോപ്യൻ ടീമിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നു എന്നതാണ് സത്യം, പക്ഷേ ഞാൻ അത് വിലയിരുത്തുക പോലും ചെയ്തില്ല, കാരണം യൂറോപ്പിൽ എന്റെ ആശയം ബാഴ്‌സലോണയിലേക്ക് പോകുക മാത്രമായിരുന്നു.” മെസ്സി തുടർന്നു.